ഡയറിയിലെ വെളിപ്പെടുത്തല്‍: കൊലയാളികളുടെ ഹിറ്റ്ലിസ്റ്റില് ആദ്യം ഗിരീഷ് കര്‍ണാട്, പിന്നെ ഗൗരി ലങ്കേഷ്
|ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത ഡയറിയിലാണ് ഇക്കാര്യം ഉള്ളത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടെ ആദ്യ ലക്ഷ്യം പ്രശസ്ത സിനിമാ നാടക പ്രവര്ത്തകന് ഗിരീഷ് കര്ണാടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത ഡയറിയിലാണ് ഇക്കാര്യം ഉള്ളത്. ഡയറിയിലെ കൊല്ലേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് പ്രകാരം ആദ്യം ഗിരീഷും രണ്ടാം സ്ഥാനത്ത് ഗൗരി ലങ്കേഷുമായിരുന്നു. ഡയറിയിലെ കണ്ടെത്തലിനെ തുടര്‍ന്ന് ഗിരീഷിന് പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. തീവ്രഹിന്ദുത്വ സംഘടനകളുടെ സ്ഥിരം വിമര്‍ശകനാണ് ഗിരീഷ്. ഇത് തന്നെയാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നതും.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളില്‍ നിന്നാണ് ഈ ഡയറി കണ്ടെടുത്തത്. കഴിഞ്ഞ മാസമാണ് ഈ ഡയറി പൊലീസിന് ലഭിക്കുന്നത്. ഹിന്ദുത്വ സംഘടകള്‍ ലക്ഷ്യമിടുന്നവരാണ് ലിസ്റ്റിലുള്ളതെന്നും ഇതില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഗൗരി ലങ്കേഷും ഗിരീഷ് കര്ണാടുമാണെന്നും ഈ ഡയറിയിലെ ഈ വെളിപ്പെടുത്തലുകള്‍ കൂടി അന്വേഷിച്ച് വരികയാണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു. ഹിന്ദിയിലാണ് ഡയറിയിലെ വിവരങ്ങളെന്നും അദ്ദേഹം പറയുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തക ബി.ടി ലളിത നായിക്, യുക്തിവാദി സിഎസ് ദ്വാരകാനന്ദ്, നിടുമാമിഡി മഠത്തിലെ വീരഭദ്ര ചന്നമല്ല സ്വാമി എന്നവരുടെ പേരുകളും പട്ടികയിലുണ്ട്.
തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് ഇവരെല്ലാം. അതേസമയം ഡയറിയിലേക്കെത്തിയ സാഹചര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ബംഗളൂരു രാജരാജ്വേശരി നഗറിലെ വീടിന് മുന്നില്‍വെച്ച് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജേശ് ബങ്കേരയാണ് അവസാനമായി ഈ കേസില്‍ അറസ്റ്റ് ചെയ്തത്. കൊടക് ജില്ലയിലെ മടിക്കേരിയില്‍ നിന്ന് ഈ മാസം 23നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഡയറിയാണോ ഇതെന്ന് വ്യക്തമല്ല.