യോഗിയുടെ കാല്ക്കീഴില് മുട്ടുകുത്തി വണങ്ങി മുതിര്‍ന്ന പൊലീസ് ഓഫീസര്‍
|പ്രവീണ്‍ കുമാര്‍ സിങ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ യോഗിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ പ്രവീണ്‍ കുമാര്‍, യോഗിയുടെ കാല്ക്കീഴില് മുട്ടുകുത്തി വണങ്ങുന്നതാണുള്ളതെങ്കില്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുഗ്രഹം തേടി എത്തിയ മുതിര്‍ന്ന പൊലീസ് ഓഫീസര്‍, യോഗിയുടെ മുമ്പില്‍ മുട്ടുകുത്തി വണങ്ങുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗൊരഖ്പൂര്‍ നഗരത്തിലാണ് സംഭവം. ഔദ്യോഗിക യൂണിഫോം ധരിച്ച് യോഗിക്ക് മുമ്പില്‍ കൈകള്‍ കൂപ്പി, മുട്ടുകുത്തി വണങ്ങുന്ന മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍ സിങിന്റെ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രവീണ്‍ കുമാറിനെതിരെ വ്യാപക വിമര്‍ശമാണ് ഇതിന്റെ പേരില്‍ ഉയരുന്നത്.
പ്രവീണ്‍ കുമാര്‍ സിങ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ യോഗിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ പ്രവീണ്‍ കുമാര്‍, യോഗിയുടെ കാല്ക്കീഴില് മുട്ടുകുത്തി വണങ്ങുന്നതാണുള്ളതെങ്കില് മറ്റൊരു ചിത്രത്തില്‍ യോഗിയുടെ നെറ്റിയില്‍ തിലകം ചാര്ത്തുന്നതാണുള്ളത്. വേറൊരു ചിത്രത്തില്‍ യോഗിയെ മാലയണിയിക്കുന്നതും കാണാം. ഗൊരഖ്നാഥിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് പ്രവീണ്‍ കുമാര്‍. ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ തലവനെന്ന നിലയ്ക്കാണ് യോഗി ആദിത്യനാഥിന്റെ അനുഗ്രഹം തേടിയതെന്ന് ചിത്രം വിവാദമായതോടെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ അനുഗ്രഹം തേടിയതൊക്കെ സ്വകാര്യ വിഷയമാണെങ്കിലും അത് ഔദ്യോഗിക യൂണിഫോമില്‍ തന്നെ വേണമായിരുന്നോയെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.