വിശാല പ്രതിപക്ഷ സഖ്യത്തിന് പച്ചക്കൊടി വീശി എസ്പി
|ബിജെപിക്കെതിരെ ശക്തമായ സഖ്യം വേണമെന്ന തീരുമാനത്തില്‍ യോഗം എത്തിയെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യ കാര്യത്തില്‍ തീരുമാനത്തിലെത്തിയില്ല...
ലോക്സഭ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സഖ്യത്തിന് സമാജ്വാദി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ധാരണ. സഖ്യരൂപീകരണം സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ അധ്യക്ഷന്‍ അഖിലേഷ് യാദവിനെ യോഗം ചുമതലപ്പെടുത്തി. എന്നാല്‍ ഒരു സഖ്യത്തിനും നരേന്ദ്ര മോദിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്ന് ബിജെപി പ്രതികരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ലഖ്നൗവില്‍ ചേര്‍ന്നത്. ബിജെപിക്കെതിരെ ശക്തമായ സഖ്യം വേണമെന്ന തീരുമാനത്തില്‍ യോഗം എത്തിയെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യ കാര്യത്തില്‍ തീരുമാനത്തിലെത്തിയില്ല.
സഖ്യ രൂപീകരണത്തില്‍ തീരുമാനമെടുക്കാന്‍ അധ്യക്ഷന്‍ അഖിലേഷ് യാദവിനെ യോഗം ചുമതലപ്പെടുത്തി. അതിനിടെ കോണ്‍ഗ്രസ് ഇല്ലാതെ ബിജെപി വിരുദ്ധ സഖ്യം പൂര്‍ണമാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
കൊല്‍ക്കത്തയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്ജിയുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ കടും പിടിത്തത്തിനില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജനങ്ങളുടെ വോട്ട് ലഭിക്കാത്തവരുടെ നിരാശയാണിതെന്നും ഒരു സഖ്യത്തിനും നരേന്ദ്രമോദിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പ്രതികരിച്ചു.