ഉത്തര്‍പ്രദേശില്‍ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 58 ആയി
|മഴക്കെടുതിയില്‍ ഉത്തര്‍പ്രദേശില്‍ 58 പേര്‍ മരിക്കുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ആസാമിലും കനത്തമഴയാണ് രേഖപ്പെടുത്തിയത്.
മഴക്കെടുതിയില്‍ ഉത്തര്‍പ്രദേശില്‍ 58 പേര്‍ മരിക്കുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷെഹ്റാന്‍പൂറില്‍ 11 പേരും മീററ്റില്‍ 10 പേരും മരിച്ചു. ആഗ്രയും മുസഫര്‍നഗറുമെല്ലാം മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളാണ്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ് അനുസരിച്ച് മിര്‍സാപൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വരും മണിക്കൂറില്‍ മഴ കൂടുതല്‍ കനക്കും. ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
ഹരിയാനയില്‍ യമുനാനഗറില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഹിമാചല്‍ പ്രദേശില്‍ കിന്നൌറില്‍ രണ്ട് തീര്‍ത്ഥാടനസ്ഥലങ്ങള്‍ മുങ്ങിപ്പോയി. ദേശീയ ദുരന്തനിവാരണസേന 251 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് ഈ മണ്‍സൂണ്‍ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ 537 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.