ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍റെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ട് ഹാക്കര്‍മാര്‍
|ട്രായ് ചെയര്‍മാന്‍ തന്‍റെ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് വെല്ലുവിളി നടത്തിയത്. തന്‍റെ ആധാര്‍ ട്വീറ്റ് ചെയ്യുന്നുവെന്നും ഇത് കൊണ്ട് എന്ത് ദോഷമാണ് തനിക്ക് സംഭവിക്കുന്നതെന്ന് തെളിയിക്കാനുമായിരുന്നു
ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍റെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടു. തന്‍റെ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തായിരുന്നു ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വെല്ലുവിളി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് ശ്രീകൃഷ്ണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് രഹസ്യമാക്കി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങള്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തുന്നത്.
ഇന്നലെയാണ് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ തന്‍റെ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് വെല്ലുവിളി നടത്തിയത്. തന്‍റെ ആധാര്‍ ട്വീറ്റ് ചെയ്യുന്നുവെന്നും ഇത് കൊണ്ട് എന്ത് ദോഷമാണ് തനിക്ക് സംഭവിക്കുന്നതെന്ന് തെളിയിക്കാനുമായിരുന്നു വെല്ലുവിളി. എന്നാല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആര്‍.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്‍റ് ഫ്ലൈയര്‍ നമ്പര്‍ വരെ പുറത്ത് വന്നു.
എന്നാല്‍ ഇതിനോട് ട്രായ് ചെയര്‍മാന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. വ്യക്തി വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ നിയമനടപടി ഉണ്ടാകുമോയെന്ന് ചോദിച്ച ഹാക്കര്‍മാരോട് ഒരിക്കലും നിയമനടപടി സ്വീകരിക്കില്ലെന്ന് ആര്‍.എസ് ശര്‍മ്മ ഉറപ്പുനല്‍കിയ ശേഷമായിരുന്നു വ്യക്തിവിവരങ്ങളുടെ ഈ കുത്തൊഴുക്ക്.
ട്രായ് ചെയര്‍മാന്‍ ഇത് വരെ ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഇതിലൂടെ കണ്ടെത്തിയതായി ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ശ്രീകൃഷ്ണസമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വളരെ എളുപ്പത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താമെന്ന് തെളിയുന്നത്.