India
ബാബരി കേസ് വഴിത്തിരിവിലേക്ക്? അവകാശവാദമുന്നയിച്ച് ബുദ്ധമതക്കാര്‍
India

ബാബരി കേസ് വഴിത്തിരിവിലേക്ക്? അവകാശവാദമുന്നയിച്ച് ബുദ്ധമതക്കാര്‍

വാലായ് സിംഗ്
|
31 July 2018 6:33 AM GMT

വഖഫ് ബോര്‍ഡിനും, നിര്‍മോഹി അഖാരക്കും ശ്രീ രാം ലല്ല വിരാജ്മാന്‍ എന്നിവര്‍ക്ക് 2.7 ഏക്കര്‍ വരുന്ന സ്ഥലം വീതം വെച്ച് നല്‍കുന്ന ഒന്നായിരുന്നു 2010ലെ അലഹബാദ് ഹൈ കോടതി വിധി

കോടതിയുടെ പരിഗണയിലിരിക്കുന്ന ബാബരി മസ്ജിദ് കേസില്‍ പുതിയ ഒരു വഴിത്തിരിവ് കൂടി. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ബുദ്ധന്മാര്‍ക്കുള്ള അവകാശം ഉന്നയിച്ചു കൊണ്ടുള്ള ഹരജിയാണ് സുപ്രീം കോടതി ഇക്കഴിഞ്ഞ ജൂലൈ 23 ന് കോടതി ഫയലില്‍ സ്വീകരിച്ചത്. അയോധ്യാ നിവാസിയായ വിനീത് കുമാര്‍ മൗര്യ സുപ്രീം കോടതിക്ക് മുന്‍പാകെ നല്‍കിയ റിട്ട് ഹരജി സുന്നി വഖഫ് ബോര്‍ഡും നിരമോഹി അഖാരയുമടക്കം മറ്റു 13 പേര്‍ നല്‍കിയ അപ്പീലുകളുടെ കൂടെ ചേര്‍ത്താണ് ഇനി വാദം കേള്‍ക്കുക. വഖഫ് ബോര്‍ഡിനും, നിര്‍മോഹി അഖാരക്കും ശ്രീ രാം ലല്ല വിരാജ്മാന്‍ എന്നിവര്‍ക്ക് 2.7 ഏക്കര്‍ വരുന്ന സ്ഥലം വീതം വെച്ച് നല്‍കുന്ന ഒന്നായിരുന്നു 2010ലെ അലഹബാദ് ഹൈകോടതി വിധി.‌

പ്രസ്തുത വിധി വന്ന് ഏഴു വര്‍ഷം കഴിഞ്ഞു കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുപ്രീം കോടതി ബാബരി മസ്ജിദ് കേസില്‍ അവസാന വാദം കേള്‍ക്കല്‍ ആരംഭിച്ചത്. മാര്‍ച്ചില്‍ മറ്റു ഇടക്കാല അപേക്ഷകളെല്ലാം കോടതി തള്ളിയിരുന്നു. എന്നാലിപ്പോള്‍ ആദ്യമായിട്ടാണ് ബാബരി മസ്ജിദ് കേസില്‍ ബുദ്ധന്മാരുടെ അവകാശം ഉന്നയിച്ചു കൊണ്ടുള്ള ഹരജി കോടതി സ്വീകരിക്കുന്നത്. 1958ലെ Ancient Monuments And Archaeological Sites And Remains Acts പ്രകാരം ഭൂമിയെ “അയോധ്യ ബുദ്ധ വിഹാറായി” പ്രഖ്യാപിക്കണമെന്നാണ് മൗര്യയുടെ ആവശ്യം.

അയോധ്യയിലെ ബുദ്ധമത സാന്നിധ്യം 1862-1863 കാലഘട്ടത്തിലെ പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. അയോധ്യ ബുദ്ധിമതത്തിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ ഒന്നാണ് സാകേത്. ബുദ്ധന്‍ സാകേത് / അയോധ്യയില്‍ കുറെ വര്‍ഷങ്ങള്‍ താമസിച്ചിരുന്നു എന്നാണ് പല ചരിത്രക്കാരന്മാരും പണ്ഡിതരും പറയുന്നത്. പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട്‌ അയോധ്യയുടെ ബുദ്ധിസവുമായുള്ള ബന്ധം ശരി വെക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അയോധ്യ തന്നെയാണോ ബൗദ്ധ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അയോധ്യ എന്നത് പൂര്‍ണമായി തെളിയിക്കപ്പെട്ടിട്ടില്ല.

ബുദ്ധിസ്റ്റുകള്‍ മുന്‍പേ തന്നെ ബാബറി മസ്ജിദ് കേസില്‍ നിയമപരമായി ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് പുരാതന ഇന്ത്യന്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുധധാരിയായ ഹരജിക്കാരനായ മൗര്യയുടെ വാദം. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടും മുമ്പ് തന്നെ രണ്ട് ബുദ്ധിസ്റ്റുകള്‍ കേസില്‍ തങ്ങളെ കൂടി കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും ബുദ്ധ മത കേന്ദ്രം ബലമായി പിടിച്ചെടുത്തോ തകര്‍ത്തോ ആണ് ബാബരി മസ്ജിദ് നിര്‍മ്മിച്ചത് എന്ന ഹരജിക്കാരുടെ വാദത്തില്‍ കഴമ്പില്ലെന്ന് കണ്ട് കോടതി പ്രസ്തുത ഹരജികള്‍ തള്ളുകയായിരുന്നു എന്നാണ് മൌര്യ ചൂണ്ടി കാണിക്കുന്നത്. എന്നാലിപ്പോള്‍ 2010 ലെ അലഹബാദ് ഹൈകോടതി വിധിയാണ് മൗര്യയുടെ ഹരജിക്ക് അടിസ്ഥാനം. ബൗദ്ധ കാലഘട്ടത്തിലെ സ്തൂപങ്ങളും, തൂണുകളും മസ്ജിദ് നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും തര്‍ക്കത്തിലുള്ള ഭൂമിയില്‍ ബൗദ്ധ കാലഘട്ടത്തിലെ അവശിഷ്ട്ടങ്ങള്‍ കണ്ടെത്തിയിരുന്നു എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ അവസാനത്തെ വിധിയിലുണ്ട് എന്ന് ഹരജിക്കാരന്റെ അഭിഭാഷകനായ കെ.കെ.എല്‍ ഗൗതം പറയുന്നു.

അഞ്ചോളം പുരാവസ്തു സര്‍വേകള്‍ /ഉത്ഖനങ്ങളാണ് ഇന്നത്തെ അയോധ്യയില്‍ ഇതേ വരെ നടന്നിട്ടുള്ളത്. പുരാവസ്തു വകുപ്പിന്റെ സ്ഥാപകനായ അലക്സാണ്ടര്‍ കണ്ണിംഗ്ഹാമാണ് 1862-63 ലെ ആദ്യ സര്‍വേ നടത്തിയത്. ഹിന്ദു ക്ഷേത്രത്തിന്റെ എന്തെങ്കിലും അവശിഷ്ട്ടങ്ങള്‍ കണ്ടെത്തുകയുണ്ടായിട്ടില്ല എന്ന് മാത്രമല്ല ബൗദ്ധ കാലത്തെ അവശിഷ്ടങ്ങള്‍ കണ്ടെത്താനും പ്രസ്തുത ഉത്ഖനനത്തിലൂടെ കഴിഞ്ഞിട്ടുണ്ട് . 1889-91 കാലഘട്ടത്തില്‍ അലോയിസ് ആന്ട്ടന്‍ ഫ്യൂഹ്രെര്‍ പ്രസ്തുത സ്ഥലത്ത് നടത്തിയ ഉത്ഖനനം കണ്ണിംഗ്ഹാം നടത്തിയ കണ്ടെത്തലുകളെ ശരി വെക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിനു ശേഷം 1969-70 കളിലാണ് ആദ്യ ഉത്ഖനനം നടത്തിയത്. ബനാറസ്‌ ഹിന്ദു സര്‍വകലാശാലയിലെ എ.കെ നാരായന്‍റെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് നില നിന്നിരുന്ന സ്ഥലത്തില്‍ നിന്ന് ഏറെ മാറി മൂന്ന് സ്ഥലങ്ങളിലാണ് കുഴിച്ചു നോക്കിയത്. പ്രസ്തുത ഉത്ഖനനതിലും അദ്ദേഹം വളരെ ശക്തമായ ബുദ്ധമത സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. അയോധ്യയില്‍ ബി.സി അഞ്ചാം നൂറ്റാണ്ട് മുതല്‍ക്ക് തന്നെ ജനവാസം ഉണ്ടായിരുന്നുവെന്നും അതിലൂടെ അനുമാനിക്കപ്പെടുന്നു.

അഞ്ചോളം പുരാവസ്തു സര്‍വേകള്‍ /ഉത്ഖനങ്ങളാണ് ഇന്നത്തെ അയോധ്യയില്‍ ഇതേ വരെ നടന്നിട്ടുള്ളത്. പുരാവസ്തു വകുപ്പിന്റെ സ്ഥാപകനായ അലക്സാണ്ടര്‍ കണ്ണിംഗ്ഹാമാണ് 1862-63 ലെ ആദ്യ സര്‍വേ നടത്തിയത്

അതിന് ശേഷം നടന്ന ഉത്ഖനത്തിലൂടെ അയോധ്യയിലെ ഏറ്റവും ആദ്യത്തെ ജനവാസം ബി.സി ഏഴാം നൂറ്റാണ്ടിലാണ് എന്ന് തീര്‍ച്ചപ്പെടുത്തുകയുണ്ടായിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ ഏറ്റവും അവസാനത്തെ ഉത്ഖനനം നടന്നത് 2002-2003 കാലഘട്ടത്തില്‍ അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു. ബാബരി മസ്ജിദിന്റെ നിര്‍മാണത്തിന് മുന്‍പ് തര്‍ക്ക പ്രദേശത്ത് ഒരു വലിയ കെട്ടിടം നില നിന്നിരുന്നു എന്നായിരുന്നു ഉത്ഖനന റിപ്പോര്‍ട്ടിലെ സാരാംശം. തര്‍ക്ക പ്രദേശത്തിനു ഹിന്ദുകളുടെതായ പൂര്‍വ ചരിത്രം സ്ഥാപിച്ചു കൊടുത്തുവെന്ന പേരില്‍ പ്രസ്തുത റിപ്പോര്‍ട്ട്‌ ഏറെ വിമര്‍ശിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. 2010ല്‍ തര്‍ക്ക ഭൂമി മൂന്ന് ഭാഗമായി വീതിക്കവേ ഹൈകോടതി വിധി ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സമൃദ്ധമായി ഉദ്ധരിച്ചിരുന്നു.

ബാബരി മസ്ജിദിനു കീഴിലുണ്ടായിരുന്ന വലിയ കെട്ടിടം ബുദ്ധന്മാരുടെതാണ് എന്ന് വാദിക്കാന്‍ മൗര്യ അവലംഭിക്കുന്നത് ഇതേ ഹൈക്കോടതി വിധി തന്നെയാണ്. ബാബരി മസ്ജിദ് –അയോധ്യ തര്‍ക്കത്തില്‍ മുന്‍പുള്ളത് പോലെ മൗര്യയുടെ ഹരജിയെ ചൊല്ലിയും രാഷ്ട്രീയ തര്‍ക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. മൗര്യയുടെ ഹരജി രാഷ്ട്രീയപ്രേരിതമാണെന്നും സുപ്രീം കോടതി പ്രസ്തുത ഹരജി സ്വീകരിക്കരുതായിരുന്നുവെന്നുമാണ് അയോധ്യയിലെ വിശ്വ ഹിന്ദു പരിഷത്തിന്റെ വക്താവായ ശരദ് ശര്‍മയുടെ പ്രതികരണം. “ഇത് വളരെ ഗൌരവപരമായ വിഷയമാണ്, അല്ലെങ്കില്‍ തന്നെ അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കെ ഇപ്പോള്‍ ഇത്തരമൊരു ഹരജി സ്വീകരിച്ചത് കേസ് ഇനിയും നീണ്ടു പോകാനിടയാകും. ബുദ്ധന്‍ ഇവിടെ ജീവിച്ചിരുന്നുവെങ്കില്‍ പോലും അയോധ്യ രാമന്‍റെ നഗരമായി തുടരും, ഇത് മാത്രമാണ് രാമന്‍റെ ജന്മസ്ഥലം“ ശര്‍മ പറഞ്ഞു.

ബുദ്ധമതക്കാര്‍ നല്‍കിയ ഹരജി അസമയത്താണെന്നും ഇത്രയും കാലം അവര്‍ എവിടെയായിരുന്നുവെന്നുമാണ് കേസിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു കക്ഷിയായ നിര്‍മോഹി അഖാരയുടെ മഹന്ത് രാം ദാസിന്‍റെ ചോദ്യം. മാത്രവുമല്ല ഇതൊരു സ്വത്തു തര്‍ക്ക കേസായിരിക്കെ പ്രസ്തുത ഹരജി ഫൈസാബാദ് സിവില്‍ കോടതിയിലായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും കേസിനെ വഴി തിരിച്ചു വിടാനും ചീപ്പ് പബ്ലിസിറ്റി നേടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ബുദ്ധമതക്കാരുടെ പ്രതിനിധികള്‍ നേരത്തെ കേസില്‍ ഇടപെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണയിലുള്ള വിഷയമായിരിക്കെ കീഴ്കോടതിയില്‍ ഹരജി നല്‍കുന്നതിലര്‍ഥമില്ലെന്നുമായിരുന്നു പ്രസ്തുത വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മൗര്യ പറഞ്ഞത്. ബുദ്ധമത സംസ്കാരത്തിന്റെ കേന്ദ്രങ്ങള്‍ കേടു വരാതെ സംരക്ഷിക്കപ്പെടാനും പരിപാലിക്കപ്പെടണമെന്നും ആവശ്യപ്പെടാനും ഭരണഘടനയുടെ 25, 26, 29, 32 വകുപ്പുകള്‍ തനിക്ക് അവകാശം നല്‍കുന്നുവെന്നും വി.എച്ച്.പിക്കും സുന്നി വഖഫ് ബോര്‍ഡിനും പ്രശ്നം പരിഹരിക്കപ്പെടണമെന്നു ആഗ്രഹമില്ല എന്നും മൗര്യ കൂട്ടി ചേര്‍ത്തു.

സുപ്രീം കോടതി മറ്റു ഹരജികളുടെ കൂടെ മൗര്യയുടെ ഹരജി കൂടി പരിഗണിച്ചിരിക്കെ മുസ്‍ലിം കക്ഷികളില്‍ ചിലരും ആശ്വസിച്ചിരിക്കുകയാണ്. ബാബരി മസ്ജിദ് പണിതത് ഹിന്ദു ക്ഷേത്രം തകര്‍ത്താണ് എന്ന് ഒരു തെളിവും കൂടാതെ ആരോപിച്ച് മുസ്‍ലിംകളെ ആക്രമിക്കുകയാണ് ബി.ജെ.പിയും വിശ്വ ഹിന്ദു പരിഷത്തും ഇതു വരെ ചെയ്തിരുന്നത് എന്നാണ് കേസില്‍ കക്ഷിയായ മൌലാന മെഹ്ഫൂസു റഹ്‍മാന്‍റെ നോമിനിയായ ഖാലിഖ് ഖാന്റെ പ്രതികരണം. പള്ളി സ്ഥാപിതമായത് ബുദ്ധമതക്കാരുടെ ഭൂമിയിലാണെന്നും പള്ളി നിര്‍മാണത്തിന് ബുദ്ധ പാരമ്പര്യമുള്ള സ്തൂപങ്ങളും തൂണുകളും ഉപയോഗിച്ചിരുന്നുവെന്നുമൊക്കെയുള്ള വാദങ്ങളുള്ള മൌര്യയുടെ ഹരജിയോടെ തര്‍ക്കം കൂടുതല്‍ വിശാലമായെന്നുമാണ് ഖാലിഖ് ഖാന്റെ അഭിപ്രായം.

കടപ്പാട്: എക്കണോമിക്ക് ടൈംസ്

Similar Posts