“നിങ്ങള്‍ സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തണം എന്നല്ല ഞാൻ പറഞ്ഞത്”: ട്രായ് ചെയര്‍മാന്‍
|എന്തിന് ട്വിറ്ററിലൂടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി എന്നതിന് വിശദീകരണവുമായി ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ.
എന്തിന് ട്വിറ്ററിലൂടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി എന്നതിന് വിശദീകരണവുമായി ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ. ആധാറിനെതിരെ രാജ്യവ്യാപകമായി ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ട് ആളുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ ഭയമുണ്ടെന്നും ശര്‍മ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. എന്നുവെച്ച് ആരെങ്കിലും അവരുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തണം എന്നല്ല താന്‍ പറഞ്ഞതെന്നും ആര്‍.എസ് ശര്‍മ വ്യക്തമാക്കി.
ജനങ്ങളെ ശാക്തീകരിക്കുന്ന സംവിധാനമാണ് ആധാറെന്ന് ആര്‍. എസ് ശര്‍മ അവകാശപ്പെട്ടു. ബാങ്ക് അക്കൌണ്ടുകളിലൂടെ കോടിക്കണക്കിന് ആളുകള്‍ക്ക് ഈ സംവിധാനത്തിലൂടെ സബ്സിഡി ലഭിക്കുന്നുണ്ട്. ടാക്സ് വെട്ടിപ്പ്, ബിനാമി ഇടപാടുകള്‍ എന്നിവ തടയാനും ആധാര്‍ നമ്പറുകള്‍ സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തന്നെ കുറിച്ച് ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയ വിവരങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന് ലഭിക്കുന്നതാണ്. തന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം ഉള്‍പ്പെടെ പരാജയപ്പെട്ടു. ഹാക്കിങ് ശ്രമങ്ങളുടെ ഭാഗമായി നിരവധി ഒടിപി സന്ദേശങ്ങള്‍ മൊബൈലിലേക്ക് വന്നു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നും ശര്‍മ അവകാശപ്പെട്ടു.
യുപിഐ പെയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് രാജ്യത്ത് ആര്‍ക്കും ആരുടെ അക്കൗണ്ടിലേക്കും പണം അയക്കാം. തന്റെ അക്കൗണ്ടിലേക്ക് 1 രൂപ നിക്ഷേപിച്ചു എന്ന് പറയുന്നത് വലിയ സംഭവമല്ല. ആര്‍ക്കും ആരുടെ അക്കൌണ്ടിലേക്കും ഈ വിധത്തില്‍ പണമയക്കാമെന്നും ശര്‍മ വിശദീകരിച്ചു.
ആധാര്‍ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് താന്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ നമ്പര്‍ പരസ്യമാക്കാമോയെന്ന് ഒരാള്‍ ചോദിച്ചെന്നും അങ്ങനെയാണ് താന്‍ ട്വിറ്ററിലൂടെ നമ്പര്‍ പരസ്യപ്പെടുത്തിയതെന്നും ശര്‍മ പറഞ്ഞു. ആധാര്‍ ഉപയോഗിക്കുന്നത് കൊണ്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.