ദേശീയ പൗരത്വ രജിസ്റ്റര്‍; രാജ്യസഭ രണ്ടാം ദിവസവും സ്തംഭിച്ചു
|എന്ത് തന്നെയായാലും പൗരത്വ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അമിത്ഷാ പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
അസം ദേശീയ പൗരത്വ പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭാ രണ്ടാം ദിവസവും സ്തംഭിച്ചു. പൗരത്വ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അമിത്ഷാ പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നടപടികള്‍ തടസ്സപ്പെട്ടതില്‍ സഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനെ ചേംബറില്‍ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.
അസം പൗരത്വ രജിസ്റ്ററിനെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കടുത്ത മനുഷ്യാവകാശ പ്രശ്നമാണിതെന്നും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് രാജ്യസഭയിലെ ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ പൗരത്വ രജിസ്ട്രേഷന് രാജീവ് ഗാന്ധിയുടെ ആശയമാണെന്നായിരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഇത് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് തന്റേടം ഉണ്ടായില്ലെന്നും ഷാ ആരോപിച്ചു. പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അസമില്‍ പൗരത്വ പട്ടികയുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ബാക്കി കാര്യങ്ങളില്‍ അതുകഴിഞ്ഞ് തീരുമാനമെടുക്കുമെന്നും പിന്നീട് ബിജെപി ഓഫീസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അമിത് ഷാ ആവര്‍ത്തിച്ചു. പിന്നീട് ലോകസഭയിലും വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. അതിനിടെ രാജ്യത്തുള്ള റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു.