പൌരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധം: അസമിലെത്തിയ തൃണമൂല്‍ സംഘത്തെ പൊലീസ് തടഞ്ഞു
|ജനപ്രതിനിധികളടങ്ങുന്ന സംഘത്തെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ദേശീയ പൌരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ അസമിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ പൊലീസ് തടഞ്ഞു. ജനപ്രതിനിധികളടങ്ങുന്ന സംഘത്തെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പൌരത്വ രജിസ്റ്ററിന് എതിരായ മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് അസമിലെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു.
ദേശീയ പൌരത്വ രജിസ്റ്ററിന് എതിരെ ഗുഹാവത്തിയിലെ നാഗോണില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായാണ് തൃണമൂല്‍ സംഘം അസമിലെത്തിയത്. പശ്ചിമ ബംഗാള്‍ നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കിമിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 6 എംപിമാര്‍ ഉള്‍പ്പടെ എട്ട് ജനപ്രതിനിധികളാണുള്ളത്. അസമിലെ സില്ചാര് വിമാനത്താവളത്തിലെത്തിയ ഇവരെ പൊലീസ് തടയുകയായിരുന്നു. സംഘാംഗങ്ങളെ പൊലീസ് മര്‍ദിച്ചതായും സുഖേന്ദു ശേഖര്‍ റോയ് എംപി ആരോപിച്ചു.
ഇത് അന്ത്യത്തിന്റെ തുടക്കമാണെന്നും എതിരാളികള്‍ പരിഭ്രാന്തരാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഇവിടെ സൂപ്പര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണോ എന്ന് തൃണമൂല്‍ കോണ്ഗ്രസിന്രെ രാജ്യസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന് ചോദിച്ചു.
എന്നാല്‍ അസമില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും തൃണമൂല്‍ സംഘമാണ് അവിടുത്തെ ഇപ്പോഴത്തെ പ്രശ്നമെന്നും ബിജെപി കുറ്റപ്പെടുത്തി. അതിനിടെ പൌരത്വ രജിസ്റ്ററിന് എതിരായ മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് അസമിലെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വീപന് പദക് രാജിവെച്ചു.