പാതിരാത്രിയില്‍ ബിരിയാണി നൽകാത്തതിന് ഹോട്ടൽ ജീവനക്കാര്‍ക്ക് ഡിഎംകെ നേതാക്കളുടെ മര്‍ദ്ദനം
|ഡിഎംകെ നേതാക്കളാണെന്നും കലൈജ്ഞറെ കാണാൻ എത്തിയതാണെന്നും അറിയിച്ച ശേഷം സൗജന്യമായി ബിരിയാണി ചോദിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.
ചെന്നൈയിൽ രാത്രി പത്തുമണിക്ക് ബിരിയാണി ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞതിന് പൊതിരെ തല്ല്. ബിരിയാണി തീർന്നുപോയെന്ന് മറുപടി പറഞ്ഞ ഹോട്ടൽ ജീവനക്കാരെയാണ് ഡിഎംകെ പ്രവർത്തകർ തല്ലിചതച്ചത്. ഇടിയേറ്റ പ്രകാശ് എന്ന വെയിറ്ററുടെ മുഖത്ത് അഞ്ചും നെറ്റിയിൽ മൂന്നും തുന്നലുകളുണ്ട്. ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകി.
2 ദിവസം മുൻപ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി യുവരാജ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്തു. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസം, കഴിഞ്ഞ ജൂലൈ 28നു രാത്രിയോടെയാണു യുവരാജും സംഘവും വിരുഗമ്പാക്കത്തെ സേലം ആർആർ ബിരിയാണി കടയിലെത്തിയത്. ഡിഎംകെ നേതാക്കളാണെന്നും കലൈജ്ഞറെ കാണാൻ എത്തിയതാണെന്നും അറിയിച്ച ശേഷം സൗജന്യമായി ബിരിയാണി ചോദിച്ചുവെന്നു ഹോട്ടൽ ജീവനക്കാർ പറയുന്നു. അതിനകം ഭക്ഷണം തീർന്നുപോയിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ കുപിതരായ സംഘം ഹോട്ടൽ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെയിറ്ററെ അക്രമിക്കുന്നതു കണ്ടു തടയാനെത്തിയ കാഷ്യർക്കും ക്രൂര മർദനമേറ്റു.
സംഭവത്തിന്റെ 20 സെക്കൻഡ് വീഡിയോയാണു പുറത്തു വന്നത്. ഇതിനകം 10 തവണ യുവരാജ് വെയിറ്ററുടെ മുഖത്തിടിക്കുന്നുണ്ട്. കടയിലുള്ളവരെ മർദിച്ചു പുറത്തിറങ്ങിയ സംഘം പുറത്തുണ്ടായിരുന്ന ഉത്തരേന്ത്യൻ വെയിറ്റർമാരെ അക്രമിച്ചതായി പരാതിയിൽ പറയുന്നു.സംഭവം നടക്കുന്ന സമയത്ത് ഹോട്ടലിന്റെ ഉടമസ്ഥൻ വ്യവസായ ആവശ്യത്തിനായി ഡൽഹിയിലായിരുന്നു. മടങ്ങിവന്ന ശേഷമാണു പരാതി നൽകിയത്. കലാപം അഴിച്ചുവിടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, സംഭവത്തിലുൾപ്പെട്ട ഡിഎംകെ യുവജന വിഭാഗം നേതാക്കളെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. യൂത്ത് വിങ് സെക്രട്ടറി യുവരാജ്, പ്രവർത്തകൻ ദിവാകർ എന്നിവരെ സസ്പെൻഡ് ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി അൻപഴകനാണു അറിയിച്ചത്. ഇവരെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിനും ട്വീറ്റ് ചെയ്തു. പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ച ഇവർ പാർട്ടിക്ക് ദുഷ്പേരുണ്ടാക്കിയെന്നു സസ്പെൻഡ് ചെയ്തുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, അച്ചടക്ക നടപടി സസ്പെൻഷനിലൊതുക്കിയതിനെതിരെ സാമുഹിക മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമുയർന്നിട്ടുണ്ട്. പാർട്ടി ഭരണഘടനപ്രകാരം ആദ്യ നടപടി സസ്പെൻഷനാണെന്നും കാരണം കാണിക്കൽ നോട്ടിസ് നൽകിയ ശേഷം പുറത്താക്കലുൾപ്പെടെയുള്ള ശിക്ഷാ നടപടികളിലേക്കു കടക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.