ദളിതര്‍ക്ക് എതിരായ അതിക്രമം തടയുന്ന നിയമം ശക്തിപ്പെടുത്തുന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം
|ദളിതര്‍ക്ക് എതിരായ അക്രമങ്ങളില്‍ എഫ്ഐആര്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് വേണമെന്ന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാനാണ് ബില്ലിന്റെ ലക്ഷ്യം
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയുന്ന നിയമം ശക്തിപ്പെടുത്തുന്നതിനുള്ള ബില്‍ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു. നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാനാണ് ബില്ലിന്റെ ലക്ഷ്യം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും.
ദളിതര്‍ക്ക് എതിരായ അക്രമങ്ങളില്‍ എഫ്ഐആര്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് വേണമെന്ന നിയമം സുപ്രീംകോടതി നേരത്തെ ദുര്‍ബലപ്പെടുത്തിയിരുന്നു, നിയമം ദുരുപയോഗപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി തീരുമാനം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് അലയടിച്ചു. ഇപ്പോഴും അത് തുടരുന്നുണ്ട്.
ഇതിന് പുറമെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എ കെ ഗോയലിനെ ഇപ്പോള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധ്യക്ഷനാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് എസ് സി-എസ്ടി നിയമത്തെ വീണ്ടും ശക്തിപ്പെടുത്താനുള്ള നിര്‍ണായക ബില്ലില്‍ കേന്ദ്രം നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റിലെ നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ ദലിത് സമൂഹത്തെ അകറ്റരുതെന്ന അഭിപ്രായം ബിജെപിക്കുള്ളിൽ ശക്തമായിരുന്നു. വിഷയത്തില്‍ ഘടകകക്ഷിയായ എല്‍ജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും സര്‍ക്കാരിന് എതിരെ രംഗത്ത് എത്തിയിരുന്നു.