India
മേല്‍പ്പാലം നടപ്പാകില്ല: രാത്രിയാത്ര നിരോധനം നീക്കാൻ കഴിയില്ലെന്ന് കർണാടക
India

മേല്‍പ്പാലം നടപ്പാകില്ല: രാത്രിയാത്ര നിരോധനം നീക്കാൻ കഴിയില്ലെന്ന് കർണാടക

Web Desk
|
4 Aug 2018 2:05 AM GMT

വനത്തിന്റെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാണ് പ്രാധാന്യമെന്ന് കർണാടക വനം മന്ത്രി ആർ.ശങ്കർ പറഞ്ഞു

ദേശീയപാത 212 ലെ ഗതാഗത നിരോധനം നീക്കാൻ സാധിയ്ക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ഇക്കാര്യത്തിൽ സർക്കാറിന്റെ നയം വ്യക്തമാക്കിയ കുമാരസ്വാമി നിരോധനം തുടരുമെന്നും അറിയിച്ചു. മേൽപാലങ്ങൾ വഴിയുള്ള റോഡുകൾ എന്ന കാര്യം കൂടി കർണാടക ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ അത് നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് പഠനത്തിൽ നിന്ന് മനസിലായതിനാൽ അതും ഉപേക്ഷിച്ചു.

വനത്തിന്റെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാണ് പ്രാധാന്യമെന്ന് കർണാടക വനം മന്ത്രി ആർ.ശങ്കർ പറഞ്ഞു. നിരോധനം നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് കർണാടകയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കർണാടകയുടെ പ്രതികരണം.

ഗതാഗത നിരോധനം നീക്കുന്ന കാര്യത്തിൽ പിന്തുണ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കേന്ദ്രം കർണാടകയ്ക്ക് കത്ത് നൽകിയത്. ഈ മാസം എട്ടിന് സുപ്രിം കോടതി കേസ് പരിഗണിയ്ക്കുന്നതിന് മുമ്പായി സമവായം ഉണ്ടാക്കാനായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ശ്രമം. യാത്ര നിരോധനം സംബന്ധിച്ച് പഠിയ്ക്കാൻ സുപ്രിം കോടതി ജനുവരിയിൽ സമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി, കേരള, തമിഴ്‌നാട്, കർണാടക സംസ്ഥാന പ്രതിനിധികളും അടങ്ങുന്നതായിരുന്നു സമിതി. സമിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാതിരിക്കെയാണ് കേന്ദ്രം കർണാടകയ്ക്ക് കത്ത് നൽകിയത്. തമിഴ്നാട്ടിലേക്കുള്ള ദേശീയ പാത 67 ലും കേരളത്തിലേക്കുള്ള 2l2 ലും യോജിക്കാവുന്ന തരത്തിൽ തീരുമാനം ഉണ്ടാകണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഈ ശ്രമത്തിനാണ് ഇപ്പോൾ കർണാടകയുടെ ഭാഗത്തു നിന്നും തിരിച്ചടിയുണ്ടായത്. ദേശീയ പാത 212 ൽ കേരളത്തിലേക്കുള്ള വഴിയിൽ റോഡിന് വീതി കൂട്ടണമെന്നും നിർദ്ദേശത്തിലുണ്ട്.

ബന്ദിപ്പൂർ കടുവാ സങ്കേതവും മുത്തങ്ങ വന്യ ജീവി സങ്കേതവും ഉൾപ്പെടുന്നതാണ് ദേശീയ പാത 212. വാഹനമിടിച്ച് വന്യമൃഗങ്ങൾ ചാവുന്നത് പതിവായതോടെയാണ് ചാമരാജ് നഗർ ജില്ലാ കലക്ടർ ഒൻപത് വർഷം മുൻപ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.

Related Tags :
Similar Posts