കേരള ഹൗസിൽ കത്തിയുമായി മലയാളി യുവാവ്, ഉമ്മന്‍ചാണ്ടിയോടും തട്ടിക്കയറി
|ചെട്ടിക്കുളങ്ങര സ്വദേശി വിമൽരാജാണ് കത്തിയുമായി എത്തിയത്. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തിയുമായി എത്തിയത്
ഡല്‍ഹി കേരള ഹൗസിൽ മുഖ്യമന്ത്രി താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്ത് നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ കത്തി വീശി. ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ കരിപ്പുഴ സ്വദേശിയായ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പൊലീസ് സംശയിക്കുന്നത്.
മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിൻ ഹൗസിന് മുന്നിൽ രാവിലെ ഒമ്പതരയോടെയായിരുന്നു വിമൽ രാജിന്റെ കത്തി വീശിയുള്ളനാടകീയ പ്രതിഷേധം. മാധ്യമ ക്യാമറകൾക്ക് മുന്നിൽ മലയാളത്തിലും ഹിന്ദിയിലും ഉറക്കെ സംസാരിച്ച ഇയാൾ തന്റെ തൊഴിൽ പ്രശ്നങ്ങളെപറ്റിയും പറയുന്നുണ്ടായിരുന്നു. അവ്യക്തം ആയിരുന്നു സംസാരം. പ്രതിഷേധം തുടർന്നതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള കേരള പോലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തി. പോലീസ് കേരള ഹൗസ് മെയിൻ ബ്ളോക്കിലേക്ക് ഇയാളെ മാറ്റിയപ്പോൾ അവിടെയുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും തട്ടിക്കയറി.
കേരള ഹൗസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കടവൂർ കരിപ്പുഴ സ്വദേശിയായ ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നതിന്റെ രേഖകൾ കയ്യിൽ ഉണ്ടെന്ന് ഡൽഹി പൊലീസ് ഡിസിപി അറിയിച്ചു. ഇയാളെ ശാദ്രയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് വർഷം മുമ്പ് സെക്രട്ടേറിയറ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതും ഇതേ ആൾ ആണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ കേരളം ഹൗസിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.