കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് ഉത്തരവിറങ്ങി
|ഇന്ദിര ബാനര്‍ജിയും വിനീത് ശരണും സുപ്രീം കോടതി ജഡ്ജിമാരാകും; ജസ്റ്റിസ് ഋഷികേഷ് റോയി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിയമന ശിപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമ മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. ജസ്റ്റിസ് ഋഷികേഷ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
എട്ട് മാസം നീണ്ട എതിര്‍പ്പിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ അംഗീകരിച്ചത്. രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കിയുള്ള വിജ്ഞാപനം ഇന്നലെ രാത്രിയോടെ നിയമമന്ത്രാലയം പുറത്തിറക്കുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരേയും സുപ്രീം കോടതി ജഡ്ജിമാരാക്കിയുള്ള വിജ്ഞാപനവും മന്ത്രാലയം പുറത്തിറക്കി. ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ജനുവരിയിലാണ് കൊളീജിയം ആദ്യമായി ശിപാര്‍ശ ചെയ്തത്. എന്നാല്‍ ജോസഫിനൊപ്പമുണ്ടായിരുന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര അടക്കമുള്ളവരുടെ നിയമനക്കാര്യം കേന്ദ്രം പിന്നീട് അംഗീകരിച്ചു. ഏപ്രില്‍ മാസത്തില്‍ ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രം കൊളീജിയത്തിന് തന്നെ മടക്കി അയച്ചു.
ജോസഫിനെക്കാള്‍ മുതിര്‍ന്ന ജഡ്ജിമാരുണ്ട്, സുപ്രീം കോടതിയില്‍ കേരള ഹൈക്കോടതിയുടെ പ്രാതിനിധ്യം വര്‍ധിക്കും തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഇവയൊന്നും അംഗീകരിക്കാനാകുന്നതല്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോസഫിന്റെ കാര്യത്തില്‍ കൊളീജിയം ഉറച്ച് നിന്നു. ഇതോടെ കേന്ദ്ര നിയമ മന്ത്രാലയം വഴങ്ങുകയായിരുന്നു.