തനിക്കെതിരായ ആക്രമണം മോദിയുടെയും അമിത്ഷായുടെയും അറിവോടെ: സ്വാമി അഗ്നിവേശ്
|തന്നെ ആക്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാമി അഗ്നിവേശ്.
തന്നെ ആക്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാമി അഗ്നിവേശ്. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും അറിവോടെയാണ് ഝാര്‍ഖണ്ഡില്‍ തനിക്കെതിരെ ആക്രമണം നടന്നതെന്നും സ്വാമി അഗ്നിവേശ് ആരോപിച്ചു. സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനും ആക്രമണം നേരിടേണ്ടി വരുമായിരുന്നുവെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.
രാജ്യത്ത് സമീപകാലത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും ആക്രമണങ്ങളും വിഷയമാക്കിയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് സെമിനാര്‍ നടത്തിയത്. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്വാമി അഗ്നിവേശ് മോദി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചു. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ യുഎപിഎ ചുമത്തണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുതയുടെ വിത്ത് പാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ ശശി തരൂര്‍ എം പി ആരോപിച്ചു. ഹിന്ദുത്വം പറഞ്ഞാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിന് സ്വാമി വിവേകാനന്ദനേയും കൂട്ടുപിടിക്കുന്നു. എന്നാല്‍ സവര്‍ക്കറുടെ ഹിന്ദുത്വമല്ല വിവേകാനന്ദന്റേതെന്നും തരൂര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ തുടങ്ങി നിരവധിയാളുകള്‍ സെമിനാറില്‍ പങ്കെടുത്തു.