India
യുപിയില്‍ യോഗി സര്‍ക്കാർ നടത്തിയ ഏറ്റുമുട്ടൽ കൊലകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തൽ
India

യുപിയില്‍ യോഗി സര്‍ക്കാർ നടത്തിയ ഏറ്റുമുട്ടൽ കൊലകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തൽ

Web Desk
|
7 Aug 2018 7:45 AM GMT

ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് പ്രശസ്തിക്കും സ്ഥാനക്കയറ്റത്തിനും കൈക്കൂലിക്കുമായി വ്യാജ ഏറ്റുമുട്ടല്‍ നടത്തിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാർ നടത്തിയ ഏറ്റുമുട്ടൽ കൊലകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തൽ. ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് പ്രശസ്തിക്കും സ്ഥാനക്കയറ്റത്തിനും കൈക്കൂലിക്കുമായി വ്യാജ ഏറ്റുമുട്ടല്‍ നടത്തിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ഡി.ജി,പി ഒ.പി സിങ് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 1500 ഏറ്റുമുട്ടലുകള്‍ നടന്നതായാണ് ഔദ്യോഗിക കണക്ക്. 60ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 400ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യാടുഡെ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്.

സംസ്ഥാന പൊലീസിലെ ഒരു വിഭാഗം സ്ഥാനക്കയറ്റം, പ്രശസ്തി, കൈക്കൂലി എന്നിവക്കുള്ള കുറുക്കുവഴിയായി ഏറ്റുമുട്ടലുകളെ മാറ്റിയിരിക്കുന്നു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെ ചെയ്യുന്ന ഇത്തരം ഓപ്പറേഷനുകളുടെ കാര്യം പൊലീസുകാര്‍ തന്നെ വെളിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സാധാരണക്കാരെ വ്യാജ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് വെടിവെച്ച് കൊലപ്പെടുത്തുകയുമാണ് പതിവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

വാര്‍ത്ത പുറത്ത് വന്നതോടെ 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡി.ജി.പി ഒ.പി റാവത്ത് അറിയിച്ചു. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ ഏറ്റുമുട്ടലുകുളുടെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള തിരക്കിലായിരുന്നു യു.പി സര്‍ക്കാരെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

Similar Posts