‘പശു സംരക്ഷകരായി ചിത്രീകരിക്കപ്പെടരുത്; പശുവിനെ രക്ഷിക്കുന്ന രംഗം സിനിമയിൽ നിന്നും നീക്കി’
|പശുവിന്‍റെ പേരിൽ മനുഷ്യരെ ആൾക്കൂട്ട വിചാരണ ചെയ്യുന്നത് സങ്കടകരമാണെന്ന് നടി കങ്കണ റണോത്. വിവാദങ്ങൾ കാരണം തന്‍റെ പുതിയ ചിത്രത്തിൽ നിന്നും പശുവിനെ രക്ഷിക്കുന്ന ഒരു രംഗം നീക്കം ചെയ്യേണ്ടി പോലും വന്നുവെന്നും കങ്കണ പറയുന്നു.
മുംബൈയിൽ സദ്ഗുരു ജഗ്ഗു വാസുദേവുമായി നടത്തിയ അഭിമുഖത്തിലാണ് കങ്കണ റണോത്ത് പശുക്കളുടെ പേരിൽ നടക്കുന്ന അക്രമങ്ങളെ വിമർശിച്ചത്. രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട വിചാരകളെ കുറിച്ചായിരുന്നു സദ്ഗുരുവിന്‍റെ ചോദ്യം. മൃഗങ്ങളെ സംരക്ഷിക്കണം. പക്ഷേ, ആൾക്കൂട്ട വിചാരണ നടക്കുമ്പോൾ ഹൃദയം തകരും. ഇതെല്ലാം തെറ്റാണെന്ന് തോന്നും.
തന്‍റെ പുതിയ ചിത്രം മണികർണികയിൽ പശുവിനെ രക്ഷിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ രംഗം വേണ്ടെന്നുവെച്ചു. പശു സംരക്ഷകരായി ചിത്രീകരിക്കപ്പെടരുത് എന്നതുകൊണ്ടാണത്.
പശു സംരക്ഷകരെ മാത്രമല്ല പുരോഗമന വാദികളെയും കങ്കണ വിമർശിക്കുന്നുണ്ട്. കശ്മീരിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നു. പുരോഗമനവാദികൾ ഹിന്ദുസ്ഥാൻ നമ്മുടെ മകളെ കൊന്നുവെന്ന് പറയുന്നു. രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാനാണോ ശ്രമം, ഇതാണോ പുരോഗമന വാദികൾ ചെയ്യേണ്ടതെന്നും കങ്കണ വിമർശിച്ചു.