‘മോദി ദലിത് വിരുദ്ധൻ; കോൺഗ്രസ് സമത്വ ഇന്ത്യക്കു വേണ്ടി പോരാടും’ രാഹുൽ ഗാന്ധി
|നരേന്ദ്ര മോദി ദലിത് വിരുദ്ധനാണെന്ന ആരോപണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ദലിത് വിരുദ്ധ മാനസികാവസ്ഥയാണ് മോദിയുടേതെന്നും എന്നാൽ തന്റെ പാർട്ടി എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഇന്ത്യക്കു വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവർഗ അതിക്രമ സംരക്ഷണ നിയമം ലഘൂകരിക്കുന്നതിനെതിരെ ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"പട്ടികജാതി-പട്ടികവർഗ അതിക്രമ സംരക്ഷണ നിയമം കൊണ്ടുവന്നത് കോൺഗ്രസ് പാർട്ടിയാണ്. എല്ലാവരുമായും ചേർന്ന് പാർട്ടി ആ നിയമത്തെ സംരക്ഷിക്കും." രാഹുൽ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദലിതുകൾ പരസ്യമായി ആക്രമിക്കപ്പെടുകയും അതിക്രമങ്ങൾക്ക് വിധേയരാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
"അസഹിഷ്ണുത നിലനിൽക്കുന്ന ഇന്ത്യയല്ല ഞങ്ങളുടെ ആഗ്രഹം. ദലിതുകളും പാവങ്ങളും ന്യൂനപക്ഷങ്ങളുമുൾപ്പെടെ എല്ലാവര്ക്കും ഇടമുള്ള ഇന്ത്യയാണ് വേണ്ടത്. എല്ലാവര്ക്കും പുരോഗതിയുണ്ടാവണം. അത്തരമൊരു ഇന്ത്യക്കു വേണ്ടി ഞങ്ങൾ പോരാടും." രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട രാഹുൽ അദ്ദേഹത്തിന് ദലിത് വിരുദ്ധ ചിന്താഗതിയാണെന്നും ദലിതുകൾക്ക് പ്രധാനമന്ത്രിയുടെ മനസ്സിൽ ഇടമില്ലെന്നും ആരോപിച്ചു.