ഉമര്‍ ഖാലിദിന് നേരെ വധശ്രമം
|ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. അക്രമി ഉമറിന് നേരെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കുകയായിരുന്നു. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പരിപാടിക്ക് എത്തിയതായിരുന്നു ഉമര്‍.
ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പരിപാടിക്കെത്തിയ ഉമറിന് നേരെ അക്രമി വെടിവെച്ചു. ആളുകള്‍ ഓടിക്കൂടിയതോടെ അക്രമി തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. യുണൈറ്റഡ് എഗെന്‍സ്റ്റ് ഹേറ്റ് എന്ന സംഘടന സംഘടിപ്പിച്ച 'ഖൗഫ് സേ ആസാദി' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡല്‍ഹിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ സുരക്ഷയുണ്ടായിരിക്കെ തലസ്ഥാനത്തൊരാള് വെടിയുതിര്‍ത്തത് ആശങ്കക്കിടയാക്കുന്നുണ്ട്. മൂന്നു പേരാണ് ആക്രണം നടത്തിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
അക്രമി എനിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ പേടിച്ചു, ആ സമയത്ത് ഗൌരിലങ്കേഷിന് സംഭവിച്ചതാണ് ഓര്‍ത്തത്, ആ സമയം വന്നെന്ന് കരുതി, ആക്രമിയെ മാറ്റിയതില്‍ സുഹൃത്തുക്കളോട് നന്ദി പറയുന്നുവെന്നും ഉമര്‍ ഖാലിദ് പിന്നീട് പറഞ്ഞു. വെടിയുതിര്‍ത്തയാളെ പിടിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും അക്രമി തോക്കുപേക്ഷിച്ച് കടന്നു.
ഇക്കഴിഞ്ഞ ജൂണിൽ വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി ഉമർ ഖാലിദ് പൊലീസില്‍ പരാതി നൽകിയിരുന്നു. ഗൌരീ ലങ്കേഷിനെ ആക്രമിച്ചവരാണ് ഉമര്‍ഖാലിദിന് എതിരായ ആക്രമണത്തിന് പിന്നിലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി ആരോപിച്ചു.