എം.ജി.ആര്, ജയലളിത എന്നിവരെക്കാളും മുകളിലല്ല പളനിസ്വാമി; സര്‍ക്കാരിനെ വിമര്‍ശിച്ച് രജനീകാന്ത്
|വെള്ളിത്തിരയ്ക്ക് തീരാനഷ്ടമാണ് കരുണാനിധിയുടെ വേർപാടെന്ന് പ്രമുഖർ അനുസ്മരിച്ചു. ചടങ്ങിനെത്തിയ നടന് രജനീകാന്ത്, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു
കലൈഞ്ജർ എം.കരുണാനിധിയ്ക്ക് ബാഷ്പാഞ്ജലി അർപ്പിച്ച് തമിഴ് സിനിമാലോകം. കാമരാജ് മെമ്മോറിയൽ ഹാളിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. വെള്ളിത്തിരയ്ക്ക് തീരാനഷ്ടമാണ് കരുണാനിധിയുടെ വേർപാടെന്ന് പ്രമുഖർ അനുസ്മരിച്ചു. ചടങ്ങിനെത്തിയ നടന് രജനീകാന്ത്, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
മരണശേഷം കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള സ്ഥലം സംബന്ധിച്ച് അണ്ണാ ഡിഎംകെ നടത്തിയ വിലകുറഞ്ഞ നീക്കത്തെയാണ്, രജനീകാന്ത്, രൂക്ഷമായി വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെ, മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണമായിരുന്നു. രാഷ്ട്രീയപരമായ എതിരഭിപ്രായങ്ങള്‍, ആ സമയത്ത് കാണിച്ചത്, ശരിയായില്ല. എം.ജി.ആര്, ജയലളിത എന്നിവരെക്കാളും മുകളിലല്ല, മുഖ്യമന്ത്രിയെന്നും രജനി കുറ്റപ്പെടുത്തി.
താരങ്ങളായ രജനീകാന്ത്, കമൽ ഹാസൻ, നാസര്‍, ഭാഗ്യരാജ്, ഷീല,ലിസി, രേവതി, കാർത്തി, വിശാൽ,ശിവകാര്ത്തികേയന്, ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിനെത്തി. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, സാങ്കേതിക വിദഗ്ധരുടെ സംഘടന എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.