ഹിന്ദു പാകിസ്താന് പരാമര്‍ശം; ശശി തരൂര്‍ ഇന്ന് കൊല്‍ക്കത്ത കോടതിയില്‍ ഹാജരാകില്ല
|അഭിഭാഷകനായ സുമിത് ചൗധരി നല്കിയ പരാതിയില്‍ ഇന്ന് തരൂരിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു പാകിസ്താന് പരാമര്‍ശത്തില്‍ ശശി തരൂര്‍ ഇന്ന് കൊല്‍ക്കത്ത കോടതിയില്‍ ഹാജരാകില്ല. അഭിഭാഷകനായ സുമിത് ചൗധരി നല്കിയ പരാതിയില്‍ ഇന്ന് തരൂരിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കീഴ്കോടതി ഉത്തരവിനെ മേല്‍കോടതിയില്‍ ചോദ്യം ചെയ്യാനാണ് തരൂരിന്റെ തീരുമാനം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153എ/295എ, ദേശീയതയെ അവഹേളിക്കുന്നത് തടയുന്ന 1971ലെ നിയമം എന്നിവ അനുസരിച്ചാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. തരൂരിന്റെ പരാമര്‍ശം രാജ്യത്തോടുള്ള അവഹേളനമാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിക്കാരന് ചൂണ്ടികാണിച്ചിരുന്നു. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.