വാജ്പേയിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി
|പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം കൃഷ്ണമേനോന് മാര്‍ഗ് റോഡിലെ വസതിയിലും ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വച്ചശേഷം സ്മൃതി സ്ഥല്ലില് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ബിജെപി ആസ്ഥാനത്തു നിന്ന് സ്മൃതി സ്ഥല്ലിലേക്കുള്ള വിലാപയാത്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കള്‍ അനുഗമിച്ചു. ഇന്നലെ രാത്രിമുതല്‍ കൃഷ്ണമേനോന് മാര്‍ഗ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച അടല്‍ ബിഹാരി വാജ്പേയിയുടെ മൃതദേഹം രാവിലെ ഒമ്പതു മണിയോടെയാണ് വിലാപയാത്രയായി ഐടിഒയിലെ ബിജെപി ആസ്ഥാനത്തേക്ക് കൊണ്ട് വന്നത്. രണ്ട് മണിവരെ ബിജെപി അസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. ശേഷം യമുനാതീരത്തെ സമൃതിസ്ഥല്ലിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വൈകീട്ട് നാലുമണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
സംസ്കാരചടങ്ങുകളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, എല്‍എ അദ്വാനി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പാകിസ്താനില്‍ നിന്നും നിയമമന്ത്രി അലി സഫറിന്റെ നേതൃത്വത്തിലുള്ള സംഘവും അമേരിക്ക, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ പത്തില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംസ്കാരചടങ്ങിനെത്തിയിരുന്നു.
ഗവര്‍ണര്‍ പി.സദാശിവവും കേരള സര്‍ക്കാരിന് വേണ്ടി കടന്നപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം സമര്‍പ്പിച്ചു.