India
സ്വാമി അഗ്നിവേശിനെതിരെ വീണ്ടും ആക്രമണം 
India

സ്വാമി അഗ്നിവേശിനെതിരെ വീണ്ടും ആക്രമണം 

Web Desk
|
17 Aug 2018 11:01 AM GMT

സാമൂഹ്യ പ്രവർത്തകനായ സ്വാമി അഗ്നിവേശിനെതിരെ വീണ്ടും ആക്രമണം . അന്തരിച്ച മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബിജെപി ഓഫീസിലേക്ക് എത്തുമ്പോഴാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ വച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്തിരുന്നു

എ ബി വാജ്പേയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡല്‍ഹിയിലെ ബിജെപി ഓഫീസിലേക്ക് എത്തുമ്പോഴായിരുന്നു ഒരു സംഘം ആളുകള്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചത്. ബിജെപി ഓഫീസ് സ്ഥിതി ചെയ്യുന്നതിന് സമീപം ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ വച്ചായിരുന്നു സംഭവം. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സംഘമാണ് 79 വയസ്സുകാരനായ സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്തത്.ഡല്‍ഹി പോലീസ് എത്തിയാണ് അഗ്നിവേശിനെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയത്.

രാജ്യദ്രോഹി എന്ന് വിളിച്ചായിരുന്നു ആക്രമണം എന്ന് സ്വാമി അഗ്നിവേശ് പിന്നീട് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറ‍ഞ്ഞു. കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ വച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്തതിന് പിന്നാലെയാണിത്. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നെങ്കിലും കയ്യേറ്റം നടത്തിയത് ബിജെപി പ്രവര്‍ത്തകരല്ലെന്നായിരുന്നു അന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം.

Similar Posts