16,000 പേരുടെ ജീവന്‍, 47,000 കോടി രൂപ; അടുത്ത പത്ത് വര്‍ഷം രാജ്യത്തിന് നൽകേണ്ടി വരുന്ന വില
|പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്തിന് കനത്ത വില നൽകേണ്ടി വരും
പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിലും രക്ഷാപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലും നിലവിലെ സാഹചര്യം തുടരുകയാണങ്കില്‍ അടുത്ത പത്ത് വര്‍ഷം ഇന്ത്യയില്‍ പ്രകൃതിക്ഷോഭം മൂലം ഉണ്ടാവാന്‍ പോകുന്നത് 16,000-ത്തോളം പേരുടെ ഉൻമൂലനവും, 47,000 കോടിയോളം രൂപയുടെ നാശ നഷ്ടങ്ങളുമായിരിക്കുമെന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി (National Disaster Management Authority, NDMA).
പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കേണ്ടതിനു വേണ്ടി പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ പലതും ഇന്നും കടലാസിലൊതുങ്ങിയ സ്ഥിതിയാണ്. ലോകത്തെ തന്നെ മികച്ച ഉപഗ്രഹ സാങ്കേതികതയും നിരീക്ഷണ-മുന്നറിയിപ്പ് സംവിധാനങ്ങളും ഉള്ള രാജ്യത്ത്, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി പല കാലങ്ങളായി സര്‍ക്കാറുകള്‍ പ്രഖ്യപിക്കുന്ന ദുരന്ത നിവാരണ സംവിധാനങ്ങള്‍ (Disaster Risk Reduction, DRR) ഇന്നും വേണ്ട വിധം നടപ്പിലാക്കാനായിട്ടില്ല.
ഇന്നും അത്യാഹിത ഘട്ടങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിലും ഒതുങ്ങി നില്‍ക്കുന്നതാണ്. പ്രകൃതിക്ഷോഭം നിര്‍ണ്ണയിക്കുന്നതിലും പ്രതിരോധിക്കുന്നതിലും രാജ്യത്തെ 640 ജില്ലകള്‍ കൈകൊണ്ട തയ്യാറെടുപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴില്‍ നടത്തിയ പഠനത്തില്‍, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും തന്നെ വേണ്ടത്ര ഗൗരവപരമായ ഒരു മുന്നൊരുക്കവും ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്നാണ് കണ്ടെത്തിയത്.