രൂപയുടെ കയറ്റിറക്കങ്ങള്‍ ഇങ്ങിനെയാണ്
|ഇന്ത്യയിൽ ഡോളറിന്റെ ചോദനം ഉയരുകയും പ്രദാനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് രൂപയ്ക്കെതിരേ ഉയരുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു
തുര്‍ക്കിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതിനെ ആവേശത്തോടെയായിരുന്നു പ്രവാസികളായി ഇന്ത്യാക്കാര്‍ സ്വീകരിച്ചത്. ഈ അവസരം മുതലാക്കി അവര്‍ നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലുമായിരുന്നു.
ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത് ആ നിരക്കിനെയാണ് വിനിമയ നിരക്കെന്ന് പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ വില മറ്റൊരു നാണയത്തിൽ പ്രകടിപ്പിക്കുന്നതാണ് വിനിമയ നിരക്ക്. വിദേശ നാണയത്തിൽ ഒരു യൂണിറ്റ് ലഭിക്കാൻ ആഭ്യന്തര നാണയത്തിന്റെ എത്ര യൂണിറ്റുകൾ നൽകണമെന്നതാണ് വിനിമയനിരക്ക് കൊണ്ട് സാധാരണ അർത്ഥമാക്കുന്നത്. സ്ഥിരവിനിമയ നിരക്കിൽ മൂന്ന് പ്രധാന ഗുണങ്ങളാണുള്ളത്.
* ഇടപാടുകളിലെ അനിശ്ചിതത്വവും അപകട സാധ്യതയും തടയാൻ കഴിയുമെന്നതിനാൽ ലോക വ്യാപാര വികസനത്തിന് ഇത് കൂടുതൽ സഹായകമാവുന്നു.
* പരസ്പരം ആശ്രയിച്ചുള്ള ലോക സമ്പദ്‌ഘടനയിൽ രാജ്യങ്ങളുടെ സ്ഥൂല സാമ്പത്തിക നയങ്ങളുടെ ഏകീകരണത്തിന് വഴിയൊരുക്കുന്നു.
* കാര്യമായ സാമ്പത്തിക കുഴപ്പങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നു.
രണ്ടാമത്തെ സംവിധാനത്തിൽ കേന്ദ്രബാങ്കിന്റെ ഇടപെടലുകൾ ഇല്ലാതെ ചോദന (Demand), പ്രദാന (Supply) ശക്തികളുടെ പ്രവർത്തനഫലമായാണ് നിരക്കുകൾ തീരുമാനിക്കപ്പെടുന്നത്. ഏതു ബിന്ദുവിൽ വച്ചാണോ വിദേശവിനിമയത്തിന്റെ ചോദനവും പ്രദാനവും സമതുലനത്തിൽ (Equilibrium) എത്തുന്നത് ആ ബിന്ദുവിൽ വച്ച് വിനിമയ നിരക്ക് തീരുമാനിക്കുന്നു. ചോദന - പ്രദാനങ്ങളിലുണ്ടാവുന്ന മാറ്റം വിനിമയ നിരക്കിനെയും ബാധിക്കുന്നു.
ഇന്ത്യയിൽ ഡോളറിന്റെ ചോദനം ഉയരുകയും പ്രദാനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് രൂപയ്ക്കെതിരേ ഉയരുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. നേരെ മറിച്ച് ഡോളറിന്റെ പ്രദാനം കൂടുകയും അതിന്റെ ചോദനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് താഴുകയും മൂല്യം കുറയുകയും ചെയ്യുന്നു. അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യവും വിനിമയ നിരക്കും ഉയരുന്നു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഗണ്യമായി ഉയരുമ്പോൾ രൂപയുടെ വിനിമയ മൂല്യം ഉയരുന്നു.
മൂന്നാമത്തെ നിയന്ത്രിത അസ്ഥിര സംവിധാനത്തിൽ രണ്ടാമത്തെ സംവിധാനത്തെപ്പോലെ കമ്പോളശക്തികളായ ചോദനത്തിന്റെയും പ്രദാനത്തിന്റെയും പ്രവർത്തനഫലമായിട്ടാണ് വിനിമയനിരക്ക് തീരുമാനിക്കപ്പെടുന്നത്. എന്നാൽ, വിനിമയമൂല്യത്തിൽ വലിയ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ കേന്ദ്രബാങ്ക് വിദേശ വിനിമയ കമ്പോളത്തിൽ ഇടപെട്ട് ചാഞ്ചാട്ടത്തിൽ കുറവു വരുത്താൻ ശ്രമിക്കും.
ഇന്ത്യയിൽ ഇപ്പോൾ പിന്തുടരുന്നത് നിയന്ത്രിത അസ്ഥിര വിനിമയ നിരക്ക് സംവിധാനമാണ്. അടിസ്ഥാനപരമായി കമ്പോളശക്തികളാണ് (ഡിമാൻഡ്, സപ്ലൈ) വിനിമയ നിരക്ക് തീരുമാനിക്കുന്നത്. വിനിമയ നിരക്ക് കൂടുമ്പോൾ രൂപയുടെ മൂല്യം കൂടുകയും കുറയുമ്പോൾ മൂല്യം ഇടിയുകയും ചെയ്യുന്നു. ഇന്ത്യയിലേക്ക് വൻതോതിൽ വിദേശനിക്ഷേപം ഒഴുകിയെത്തിയതാണ് രൂപയുടെ മൂല്യം ഉയരുന്നതിന് കാരണമാകുന്നത്. വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുമ്പോൾ നിരക്ക് ഇടിയുകയും ചെയ്യുന്നു.
വിദേശ കറൻസി വ്യാപാരം നടത്തുന്ന കമ്പോളത്തെയാണ് വിദേശവിനിമയ വിപണിയെന്നു പറയുന്നത്. ഇവിടെ രജിസ്റ്റർ ചെയ്ത ഡീലർമാർക്ക് മാത്രമേ വിദേശ കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അനുമതിയുള്ളൂ. വ്യക്തികൾക്ക് നേരിട്ട് വിദേശ കറൻസി കൈകാര്യം ചെയ്യുന്നതിന് അധികാരമില്ലാത്തതിനാൽ ഇന്ത്യയിൽ തിരഞ്ഞെടുത്ത ബാങ്കുകളാണ് ഡീലർമാരായി പ്രവർത്തിക്കുന്നത്. ഇറക്കുമതിക്കാർ ബാങ്കുകളിൽ നിന്ന് വിദേശകറൻസി വാങ്ങുമ്പോൾ കയറ്റുമതിക്കാർ ബാങ്കുകൾക്ക് വിദേശ പണം നൽകുന്നു. മധ്യവർത്തികളുടെ ജോലി വഴി ബാങ്കുകൾ ലാഭം നേടുന്നു.
രൂപയുടെ മൂല്യം ഇടിയാൻ കാരണം
* തുർക്കിക്കു മേൽ അമേരിക്ക ചുമത്തിയ ഉപരോധവും അവിടെ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന്റെയും അലുമിനിയത്തിന്റെയും തീരുവ ഇരട്ടിയാക്കിയതും തുർക്കി കറൻസിയായ ‘ലീറ’യുടെ മൂല്യത്തിൽ 50 ശതമാനം ഇടിവുണ്ടാക്കി. ഇത് വളർന്നുവരുന്ന സമ്പദ് ഘടനകളിലെ കറൻസികളെ ബാധിച്ചു. അത് ഇന്ത്യൻ രൂപയുടെ മൂല്യശോഷണത്തിന് കാരണമായി.
* എണ്ണയുടെ വിലക്കയറ്റം, വ്യാപാരക്കമ്മി, വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, അമേരിക്കൻ കേന്ദ്രബാങ്ക് പലിശ നിരക്ക് കൂട്ടുന്നത്, അന്താരാഷ്ട്ര രംഗത്ത് ഇന്നു കാണുന്ന വ്യാപാര യുദ്ധം എന്നിവയും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി.