പ്രളയക്കെടുതിയില്‍ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യ
|2004 മുതല്‍ 15 വര്‍ഷമായി തുടരുന്ന നയം തന്നെ ഇക്കാര്യത്തില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യാമെന്നും..
കേരളത്തിലെ പ്രളയക്കെടുതിയില്‍ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി. ദുരിതാശ്വസ പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്നും സഹായ സന്നദ്ധത അറിയിച്ച രാജ്യങ്ങളോട് നന്ദി പറയുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് മുന്നോട്ട് വന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നില്ലെന്നതാണ് നിലപാടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സഹായം പ്രഖ്യാപിച്ച രാജ്യങ്ങളോട് സര്‍ക്കാര്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.
2004 മുതല്‍ 15 വര്‍ഷമായി തുടരുന്ന നയം തന്നെ ഇക്കാര്യത്തില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും സാമ്പത്തിക സഹായം നല്‍കാം. വിദേശ സഹായം സംബന്ധിച്ച് വ്യത്യസ്ത വാദഗതികള്‍ ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ സ്ഥിരീകരണം വന്നത്.
എന്നാല്‍ ദുരന്തനിവാരണത്തിനായി ഒരു രാജ്യത്തോടും സഹായം അഭ്യര്‍ത്ഥിക്കേണ്ടെന്നും ഏതെങ്കിലും രാജ്യം സന്നദ്ധരായി മുന്നോട്ട് വരികയാണെങ്കില്‍ സാമ്പത്തിക സഹായം വാങ്ങിക്കാമെന്നുമാണ് ദേശീയ ദുരന്ത നിവാരണ രൂപരേഖയില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം നിലപാട് അറിയിച്ചത്. പ്രഖ്യാപിച്ച വിദേശരാജ്യ സഹായം മറ്റ് സംഘടനകളിലൂടെ ലഭ്യമാക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.