ദാബോൽക്കറുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സി.ബി.ഐ
|അന്ധവിശ്വാസങ്ങൾക്കും തീവ്ര വലതുപക്ഷ ചിന്താഗതിക്കുമെതിരെ ശബ്ദമുയർത്തിയവരാണ് നരേന്ദ്ര ദാബോൽക്കറും ഗൗരി ലങ്കേഷും.
യുക്തിവാദിയായിരുന്ന നരേന്ദ്ര ദാബോൽക്കറുടെയും മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സി.ബി.ഐ കോടതിയിൽ. രണ്ടു കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തങ്ങൾക്കായെന്നും കേസിലെ മുഖ്യ ആരോപിതനായ സച്ചിൻ ആന്തൂറയുടെ ജയിൽ കാലാവധി നീട്ടണമെന്നും ശിവാജി നഗർ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സി.ബി.ഐ ആവശ്യപ്പെട്ടു.
സി.ബി.ഐയുടെ വാദം അംഗീകരിച്ച കോടതി സച്ചിൻ ആന്തൂറയുടെ ജയിൽ കാലാവധി ഓഗസ്റ്റ് 30 വരെ നീട്ടി. കഴിഞ്ഞയാഴ്ച ഔറംഗാബാദിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.
പൂനെ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന നരേന്ദ്ര ദബോൽക്കർ 2013 ജൂൺ 20 നാണ് അദ്ദേഹത്തിന്റെ വസതിക്കു സമീപം വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയിലൂടെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയിരുന്ന വ്യക്തിയാണ് നരേന്ദ്ര ദബോൽക്കർ. ബൈക്കിലെത്തിയ രണ്ടു അജ്ഞാത കൊലയാളികൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ദാബോൽക്കറുടെ കൊലപാതകത്തിന് നാലു വർഷങ്ങൾക്ക് ശേഷം, 2017 സെപ്തംബര് 5 ന് മുതിർന്ന മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് ബംഗളുരുവിൽ സ്വവസതിക്ക് മുന്നിൽ വെടിയേറ്റ് മരിച്ചു. പിതാവ് പി ലങ്കേഷ് തുടങ്ങി വെച്ച ലങ്കേഷ് പത്രികയുടെയും സ്വന്തം മാഗസിൻ ആയിരുന്ന ഗൗരി ലങ്കേഷ് പത്രികെയുടെയും എഡിറ്റർ ആയിരുന്നു അവർ.
രണ്ടു കൊലപാതകങ്ങൾക്കിടയിലും നാലു വർഷത്തെ ഇടവേള ഉണ്ടെങ്കിലും രണ്ടിലും സനാതൻ സൻസ്തയുടേതുൾപ്പെടെയുള്ള വലതുപക്ഷ സംഘടനകളിൽ പെട്ടവർക്ക് ബന്ധമുള്ളതായി പിന്നീട് തെളിഞ്ഞിരുന്നു. എന്നാൽ, സി.ബി.ഐ സമർപ്പിച്ച റിമാൻഡ് അപേക്ഷയിൽ ഒരു സംഘടനയുടെയും പേര് പറഞ്ഞിട്ടില്ല.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിലൊരാൾ തനിക്ക് ഇന്ത്യൻ നിർമ്മിത 7 . 65 എം.എം പിസ്റ്റൾ നൽകിയതായി സച്ചിൻ ആന്തൂറ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സി.ബി.ഐ പറയുന്നു. 2018 ഓഗസ്റ്റ് 11 ന് തോക്ക് തന്റെ അളിയൻ സുബൻ സുരലേക്ക് ഔറങ്കബാദിൽ വെച്ച് കൈമാറിയെന്നാണ് സച്ചിൻ ആന്തുറ അവകാശപ്പെടുന്നത്. പിന്നീട് സുരലെ ഔറങ്കബാദിൽ വെച്ച് തന്നെ ആ തോക്ക് സുഹൃത്തായ രോഹിത് റെഗെക്ക് കൈമാറി. ഇതിന്റെ പിന്നിലെ കാരണം വ്യക്തമല്ല.
മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്ത നാല സപോറ സ്വദേശി ശരദ് കലാസ്കാർ ആണ് സച്ചിൻ ആന്തൂറയുടെ പേര് വെളിപ്പെടുത്തിയത്. ആന്തുറയും താനും ചേർന്നാണ് നരേന്ദ്ര ദാബോൽക്കറെ വെടിവെച്ചുകൊന്നതെന്ന് ശരദ് കലാസ്കർ വെളിപ്പെടുത്തിയിരുന്നു.