കടലാവണക്കിന്‍റെ കുരുവില്‍ നിന്ന് ഇന്ധനം; വിമാനം വിജയകരമായി പറത്തി ഇന്ത്യ
|വിമാന യാത്രാക്കൂലി കൊടുത്ത് നടുവൊടിഞ്ഞ യാത്രക്കാര്‍ക്ക് ആശ്വസിക്കാം. ഭാവിയില്‍ യാത്രാചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവഇന്ധന സാധ്യത പരീക്ഷിക്കുന്നത്.
രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി. 72 സീറ്റുകളുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഡല്‍ഹിയില്‍ ഇറങ്ങിയത്. വിമാന യാത്രാക്കൂലി കൊടുത്ത് നടുവൊടിഞ്ഞ യാത്രക്കാര്‍ക്ക് ആശ്വസിക്കാം. ഭാവിയില്‍ യാത്രാചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവഇന്ധന സാധ്യത പരീക്ഷിക്കുന്നത്.
ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണ് ജൈവ ഇന്ധനം വികസിപ്പിച്ചത്. കടലാവണക്കിന്‍റെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. ഛത്തിസ്ഗഡിലെ അഞ്ഞൂറോളം കര്‍ഷകര്‍ ഈ പദ്ധതിയില്‍ പങ്കാളികളായി.
വിമാനത്തിന്‍റെ വലത് എഞ്ചിന്‍റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തുന്നതെന്നും വ്യോമയാന രംഗത്തു വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു. നിലവില്‍ വിമാന കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്‍റെ 50 ശതമാനം വരെ ഇന്ധനത്തിനായാണ് ഉപയോഗിക്കുന്നത്. അമേരിക്ക, ആസ്ത്രേലിയ പോലുള്ള രാജ്യങ്ങള്‍ നിലവില്‍ വിമാനങ്ങളില്‍ ജൈവഇന്ധനം ഉപയോഗിക്കുന്നുണ്ട്.