India
ഡി.എം.കെയില്‍ എതിരില്ലാതെ സ്റ്റാലിന്‍, തിരിച്ചെത്താന്‍ അഴഗിരി
India

ഡി.എം.കെയില്‍ എതിരില്ലാതെ സ്റ്റാലിന്‍, തിരിച്ചെത്താന്‍ അഴഗിരി

Web Desk
|
27 Aug 2018 2:46 AM GMT

ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം നാളെ രാവിലെ ഒന്‍പതിന് അണ്ണാ അറിവാലയത്തിൽ നടക്കാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കും. മറ്റാരും പത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഇത്. എന്നാല്‍, ശക്തി തെളിയിച്ച് പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് എം.കെ. അഴഗിരി.

ഇന്നലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനും ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ദുരൈ മുരുകനും പത്രിക നല്‍കിയത്. നാലുമണിവരെയായിരുന്നു പത്രിക നല്‍കാനുള്ള സമയം. എന്നാല്‍, മറ്റാരും പത്രിക സമര്‍പ്പിച്ചില്ല. ഇതോടെ, തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍, നാളെ ചേരുന്ന ജനറല്‍ കൗണ്‍സിലിനു ശേഷമേ സ്റ്റാലിന്റെ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയുള്ളു. നിലവില്‍ സ്റ്റാലിന് പ്രശ്നങ്ങളില്ലെങ്കിലും സീനിയര്‍ നേതാക്കളെ ഒപ്പം നിര്‍ത്തുക എന്നത് തലവേദനയാണ്. പ്രത്യേകിച്ചും, എം.കെ. അഴഗിരിയെ തിരിച്ചെടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്ന സാഹചര്യത്തില്‍.

അണികള്‍ക്കിടയിലെ സ്വാധീനം തെളിയിച്ച് പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് എം.കെ. അഴഗിരി. കഴിഞ്ഞ ദിവസം ചേര്‍ന്ന, അനുഭാവികളുടെ യോഗത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് കരുണാനിധി സമാധിയിലേയ്ക്ക് റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരെ അണിനിരത്തി, ശക്തി തെളിയിക്കുകയാണ് ലക്ഷ്യം. തമിഴ്നാടിന്റെ തെക്കന്‍ മേഖലയില്‍ സ്വാധീനമുള്ള അഴഗിരിയെ പിണക്കുന്നത്, തിരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്യുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, കരുണാനിധി പുറത്താക്കിയ ആരെയും തിരിച്ചെടുക്കില്ലെന്ന് സ്റ്റാലിന്‍ തുറന്നു പറഞ്ഞു കഴിഞ്ഞു.

Similar Posts