ജീന്‍സും സണ്‍ ഗ്ലാസ്സും ധരിക്കരുത്; ത്രിപുരയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ്
|മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുമെല്ലാം പങ്കെടുക്കുന്ന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, സണ്‍ഗ്ലാസ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്
ത്രിപുരയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി ബിപ്ലബ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുമെല്ലാം പങ്കെടുക്കുന്ന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, സണ്‍ഗ്ലാസ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സുശില്‍ കുമാറാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സിവില്‍ സര്‍വ്വീസിലോ മറ്റ് കേന്ദ്ര സര്‍വീസുകളിലോ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഒരിക്കലും ജോലി സമയത്ത് ജീന്‍സ് ഉപയോഗിക്കാറില്ലെന്ന് സുശില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. യോഗങ്ങള്‍ നടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപമര്യാദയാണ്. യോഗം നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിക്കുന്നതും സന്ദേശങ്ങള്‍ അയക്കുന്നതുമെല്ലാം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുശില്‍ കുമാര്‍ പറഞ്ഞു.
സി.പി.എമ്മും കോണ്‍ഗ്രസും ഡ്രസ് കോഡിനെതിരെ രംഗത്തെത്തി. ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതും ഡ്രസ് കോഡും തമ്മില്‍ ഒരു ബന്ധവുമില്ല. എന്ത് ധരിക്കണമെന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധാര്‍ പറഞ്ഞു.