India
അസം പൗരത്വ രജിസ്റ്ററില്‍ പെടാത്തവരുടെ പരാതി സ്വീകരിക്കുന്നത് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു
India

അസം പൗരത്വ രജിസ്റ്ററില്‍ പെടാത്തവരുടെ പരാതി സ്വീകരിക്കുന്നത് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു

Web Desk
|
28 Aug 2018 2:10 PM GMT

ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച മാനദണ്ഡങ്ങളില്‍‌ അവ്യക്തതയും സംശയവും പ്രകടിപ്പിച്ചാണ് നടപടി 

അസം അന്തിമ കരട് പൗരത്വ രജിസ്റ്ററില്‍ പെടാത്തവരുടെ പരാതി സ്വീകരിച്ച് തുടങ്ങുന്നത് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മാനദണ്ഡങ്ങളില്‍‌ അവ്യക്തതയും സംശയവും പ്രകടിപ്പിച്ചാണ് നടപടി. ഇക്കാര്യത്തില്‍‌ അടുത്തമാസം അഞ്ചിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍‌ എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

40 ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക് അസമില്‍ അന്തിമ കരട് പൗരത്വ രജിസ്റ്റരില്‍ ഇടം നേടാനായിട്ടില്ല. ഇവര്‍‌ക്ക് ഈമാസം മുപ്പത് മുതല്‍ അടുത്തമാസം 28 വരെ പരാതികള്‍ സമര്‍പ്പിക്കാന്‍‌ സമയം അനുവദിച്ചിരുന്നു. ഇൌ പരാതികള്‍ സ്വീകരിക്കുന്നതാണ് സുപ്രീംകോടതി തല്‍കാലത്തേക്ക് മരവിപ്പിച്ചത്. പരാതികള്‍ സ്വീകരിക്കുന്നതിനും തുടര്‍ന്ന് അവ പരിഗണിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവയില്‍ സംശയവും അവ്യക്തതയും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചിന്‍റെ നടപടി.

പരാതി സമര്‍പ്പിക്കുമ്പോള്‍ അവരുടെ പാരമ്പര്യവും കുടുംബ ബന്ധവും തെളിയിക്കാനുള്ള രേഖകളില്‍ മാറ്റം വരുത്താന്‍ അനുവാദം നല്‍കുന്ന തരത്തിലാണ് പുതിയ മാനദണ്ഡം. ഇക്കാര്യത്തിലാണ് കോടതി പ്രധാന മായും വിയോജിപ്പ് അറിയിച്ചത്. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍‌ട്ട് സമര്‍പ്പിക്കാന്‍ എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഒരോ ജില്ലയിലും പൗരത്വ പട്ടികകള്‍‌ക്ക് പുറത്തുള്ളവരില്‍ നിന്ന് ചുരുങ്ങിയത് പത്ത് ശതമാനം പേരുടെയെങ്കിലും അപേക്ഷകള്‍ പുനപ്പരിശോധന നടത്താനും ഉത്തരവിട്ടിട്ടുണ്ട്. രേഖകളില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കാനാണിതെന്നും കോടതി പറഞ്ഞു. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും.

Related Tags :
Similar Posts