നോട്ടു നിരോധം ജി.ഡി.പിയിൽ കുറവു വരുത്തിയെന്ന് പാർലമെന്ററി സമിതി, റിപ്പോർട്ട് തടഞ്ഞുവെച്ച് ബി.ജെ.പി
|നോട്ടു നിരോധം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാക്കി എന്ന് കണ്ടെത്തിയ പാർലമെന്ററി സമിതി റിപ്പോർട്ട് ബി.ജെ.പി എം.പിമാർ തടഞ്ഞു വെച്ചു. 2016 നവംബര് 8 മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞുറിന്റെയും നോട്ടുകൾ അസാധുവാക്കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ ജി.ഡി.പിയിൽ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയെന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, റിപ്പോർട്ട് പുറത്തു വിടുന്നത് തടഞ്ഞിരിക്കുകയാണ് ബി.ജെ.പി. റിപ്പോർട്ട് വീണ്ടും പാർലമെൻറിൽ അവതരിപ്പിക്കപ്പെടാതിരിക്കാനും പാർട്ടി ശ്രദ്ധിക്കും.
31 അംഗ സമിതിയിൽ പതിനേഴ് പേരും ബി.ജെ.പി എം.പിമാരാണ്. സമിതിയിൽ ഭൂരിപക്ഷവും ബി.ജെ.പിക്ക് തന്നെ. റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബേ പാർലമെന്റ് കമ്മിറ്റി ചെയര്മാന് വീരപ്പ മൊയിലിക്ക് കത്തെഴുതിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച നോട്ടുനിരോധത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ വിമുഖതയാണ് നടപടിക്ക് കാരണം.
നോട്ടു നിരോധം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും എന്നാൽ സർക്കാർ യാഥാർഥ്യം മറച്ചു വെക്കാൻ ശ്രമിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കള്ളപ്പണത്തെ നേരിടാനും ക്യാഷ്‌ലെസ്സ് എക്കണോമിയെ പ്രോത്സാഹിപ്പിക്കാനും ഓൺലൈൻ ഇടപാടുകൾ വർധിപ്പിക്കാനും നോട്ടു നിരോധം സഹായിച്ചു എന്നായിരുന്നു സർക്കാരിന്റെ വാദം.
ഓഗസ്റ്റ് 31ഓട് കൂടി ഈ സമിതിയുടെ കാലാവധി അവസാനിക്കും. പുതിയ അംഗങ്ങളെ സെപ്തംബര് 1 ന് തിരഞ്ഞെടുക്കുകയും ചെയ്യും. ആയതിനാൽ ഈ റിപ്പോർട്ട് ഇനി പാർലമെന്റിന്റെ പരിഗണക്ക് വരില്ല. റിപ്പോർട്ടും അതിന്മേലുള്ള ചർച്ചയും ബി.ജെ.പി എം.പിമാർ ഇതുവരെയും തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.