India
ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കിയത് ധനമന്ത്രാലയത്തിന്‍റെ എതിര്‍പ്പ് മറികടന്ന്
India

ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കിയത് ധനമന്ത്രാലയത്തിന്‍റെ എതിര്‍പ്പ് മറികടന്ന്

Web Desk
|
29 Aug 2018 8:17 AM GMT

റിലയന്‍സിന്‍റെ ഇനിയും സ്ഥാപിച്ചിട്ടില്ലാത്ത ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠപദവി നല്‍കുന്നതിനെതിരെ ധനമന്ത്രാലയം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കാനുള്ള തീരുമാനത്തിനെതിരെ ധനമന്ത്രാലയം എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തരം തീരുമാനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുമെന്ന് ധനമന്ത്രാലയം കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനെ അറിയിച്ചു.

റിലയന്‍സിന്‍റെ ഇനിയും സ്ഥാപിച്ചിട്ടില്ലാത്ത ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠപദവി നല്‍കുന്നതിനെതിരെ ധനമന്ത്രാലയം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഉദ്ദേശങ്ങളും പദ്ധതികളും മാത്രം വച്ച് എങ്ങനെയാണ് ശ്രേഷ്ഠ പദവി നല്‍കുന്നത് എന്നായിരുന്നു ധനമന്ത്രാലയത്തിന്‍റെ ചോദ്യം. തീരുമാനം യുക്തിക്ക് നിരക്കുന്നതല്ലെന്നും പിന്തുണക്കാനാകില്ലെന്നും മാനവവിഭവശേഷി വകുപ്പിനോട് ധനമന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയിരുന്നു. ഈ രീതി ബ്രാന്‍റ് വാല്യു വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റായ പ്രചോദനമാകുമെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കുമെന്നും ധനമന്ത്രാലയം മാനവ വിഭവശേഷി വകുപ്പിന് നല്‍കിയ അഞ്ച് പേജ് അടങ്ങിയ കുറിപ്പില്‍ പറയുന്നുണ്ട്.

തീരുമാനം പുനപരിശോധിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ മറികടന്നാണ് പിന്നീട് ജിയോ സര്‍വലകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കിയത്. ഇതിനെതിരെ മാനവവിഭവശേഷി വകുപ്പില്‍ നിന്ന് തന്നെ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ വന്നിട്ടുള്ളതും ആഗോള റാങ്കിങ്ങില്‍പ്പെട്ടതുമായ സ്ഥാപനങ്ങള്‍ക്കായിരിക്കണം ഇത്തരം പദവികള്‍ വേണ്ടതെന്നും വകുപ്പിലെ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം അടക്കമുള്ളവ നിലപാട് എടുത്തിരുന്നു. ഗ്രീന്‍ഫീല്‍ഡ് വിഭാഗത്തില്‍ പത്ത് അപേക്ഷകര്‍ ഉണ്ടായിരിക്കേ ജിയോ സര്‍വകലാശാലക്ക് മാത്രമേ സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയിരുന്നുള്ളു.

Related Tags :
Similar Posts