ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: അടിയന്തരാവസ്ഥയെന്ന് അരുന്ധതി റോയ്, ആര്‍.എസ്.എസ് മാത്രം മതിയെന്നാണ് കേന്ദ്ര നിലപാടെന്ന് രാഹുല്‍
|നിരപരാധികളെ തല്ലിക്കൊല്ലുന്നവര്‍ ആഘോഷിക്കപ്പെടുന്ന രാജ്യത്ത് ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമായി മാറുകയാണെന്ന് അരുന്ധതി റോയ്
മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും അറസ്റ്റുകളില്‍ വ്യാപക പ്രതിഷേധം. രാജ്യത്ത് ആര്‍.എസ്.എസ് എന്ന എന്‍.ജി.ഒ മാത്രം മതിയെന്നാണ് കേന്ദ്രം പറയുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും പരാതി പറയുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും ചെയ്യുകയാണെന്ന് രാഹുൽ ട്വിറ്ററില്‍ പ്രതികരിച്ചു.
അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നതിന്റെ ഉദാഹരണമാണ് അറസ്റ്റെന്ന് എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞു. നിരപരാധികളെ തല്ലിക്കൊല്ലുന്നവര്‍ ആഘോഷിക്കപ്പെടുന്ന രാജ്യത്ത് ദലിത് പിന്നോക്കക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതും ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ക്രിമിനല്‍ കുറ്റമായി മാറുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ അതിക്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഭീമ-കൊറിഗോവ് സംഘര്‍ഷത്തിന്റെ അന്വേഷണത്തിനിടെ കണ്ടെത്തിയെന്ന് പറയപ്പെടുന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ കവി വരവര റാവുള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദലിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാഗമായവരും കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടകളുടെ നിരന്തര വിമര്‍ശകരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം. അതിനാല്‍ തന്നെ കൃത്യമായ ഭരണകൂട ഗൂഢാലോചന അറസ്റ്റുകള്‍ക്ക് പിന്നിലുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പൊലീസ് നടപടിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.