‘അതെ, ഞാനും നക്സലാണ്’; #MeTooUrbanNaxal ക്യാമ്പയിനുമായി സോഷ്യൽ മീഡിയ
|നക്സൽ-മാവോവാദ ബന്ധമാരോപിച്ച് സാമൂഹ്യ പ്രവർത്തകരെയും, ആകടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുകയും വസതികളിൽ റെയ്ഡ് ചെയ്യുകയും ചെയ്ത പൊലിസ് നടപടിക്കെതിരെ സോഷ്യൽ മീഡിയ കാമ്പയിൻ. ‘#MeTooUrbanNaxal’ എന്ന ഹാഷ് ടാഗോടു കൂടിയ കാമ്പയിൻ നിലവിൽ ട്വിറ്റർ ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്.
'അര്‍ബന്‍ നക്സല്‍' എന്ന പ്രയോഗത്തെ പിന്തുണക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്നാവശ്യവുമായി ബോളിവുഡ് ചലച്ചിത്രകാരനും ബി.ജെ.പി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നതോടെയാണ് കൂടുതൽ പേർ ഹാഷ്ടാഗുകളുമായി സോഷ്യൽ മീഡിയയില്‍ പ്രതികരണമറിയിച്ചത്.
മാവോവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും, മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘര്‍ഷത്തിന് കാരണക്കാരായെന്നും ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമായ വരവര റാവു, സുധാ ഭരദ്വാജ്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഗൗതം നവ്ലാഖ എന്നിവരെ പൂനെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പുറമെ മുംബൈ, ഗോവ, ഹൈദരാബാദ്, റാഞ്ചി, ദില്ലി, ഫരീദാബാദ് എന്നിവിടങ്ങളിലായി നിരവധി സാമൂഹ്യ പ്രവര്‍ത്തകരുടെ വസതികളില്‍ പൊലിസ് അനധികൃതമായി റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.