India
മുലായം സിംഗിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു
India

മുലായം സിംഗിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു

Web Desk
|
30 Aug 2018 8:03 AM GMT

സമാജ് വാദി പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടിയാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്ന് ശിവപാല്‍ യാദവ് പറഞ്ഞു

സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ ഇളയ സഹോദരന്‍ ശിവപാല്‍ യാദവ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. സമാജ് വാദി പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടിയാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്ന് ശിവപാല്‍ യാദവ് പറഞ്ഞു. ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് ബിജെപിയെ വെല്ലുവിളിക്കാനൊരുങ്ങുന്ന എസ്പിക്ക് തിരിച്ചടിയാണ് ശിവപാല്‍ യാദവിന്റെ നീക്കം.

ഒരു ഇടവേളക്ക് ശേഷം സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ കുടുംബത്തില്‍ രാഷ്ട്രീയ ഭിന്നത തിരിച്ച് വരികയാണ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു മിച്ച് നിന്ന് പോരാടാന്‍ നാല് മാസം മുന്‍പെടുത്ത തീരുമാനം അട്ടിമറിച്ച് മുലായത്തിന്റെ ഇളയ സഹോദരന്‍ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശിലെ മന്ത്രിയും എന്‍ഡിഎ ഘടകക്ഷിയായ സുഹ്ലേദോ ഭാരതീയ സമാജ് പാര്‍ട്ടി നേതാവുമായ ഓംപ്രകാശ് രാജ്ഭറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ എസ്പി നേതൃത്വത്തിന്റെ അവഗണനയാണ് പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് നയിച്ചതെന്ന് ശിവപാല്‍ പറഞ്ഞു. ചെറുകിട പാര്‍ട്ടികളെ ലയിപ്പിച്ച് പുതിയ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെര‍ഞ്ഞെടുപ്പിന് 8 മാസം മാത്രം ശേഷിക്കെ ഏറ്റവും കൂടുതല്‍ എംപിമാരെ തെരഞ്ഞെടുത്തയക്കുന്ന യുപിയില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് ബിജെപിക്ക് കനത്ത വെല്ലുളി ഉയര്‍ത്താന്‍ അഖിലേഷ് യാദവും എസ്പിയും തയ്യാറെടുക്കവേയാണ് ശിവപാലിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. ശിവപാലിന്റെ പാര്‍ട്ടിയുമായി പ്രത്യക്ഷ സഖ്യമോ, രഹസ്യ ധാരണയോ ഉണ്ടാക്കി എസ്പി-ബിഎസ്പി സഖ്യത്തെ നേരിടാനുള്ള തന്ത്രങ്ങള്‍ ബിജെപി ആവിഷ്കരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്പി മുന്‍ നേതാവ് അമര്‍സിംഗിന്റെ മധ്യസ്ഥതയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്ന് വരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Tags :
Similar Posts