India
പൊലീസ് നടപടിയെടുത്തില്ല; കൂട്ട ബലാത്സംഗത്തിനിരയായ യുവതി മകനെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തു
India

പൊലീസ് നടപടിയെടുത്തില്ല; കൂട്ട ബലാത്സംഗത്തിനിരയായ യുവതി മകനെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തു

Web Desk
|
31 Aug 2018 12:31 PM GMT

ഈ മൂന്ന് പേര്‍ തന്നെ ആഗസ്റ്റ് 18ന് വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയതായും യുവതിയുടെ മരണമൊഴിയില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ മകനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

യുപിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതി 12വയസുള്ള മകനെയും തീ വെച്ച ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ബലാത്സംഗ കേസില്‍ പൊലീസ് നടപടി എടുക്കാത്തതില്‍ മനംനൊന്താണ് യുവതി ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചത്. 95% പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു. ഷാജഹാന്‍പൂര്‍ സ്വദേശിയായ 27കാരിയാണ് മരിച്ചത്. അതേസമയം 15% പൊള്ളലേറ്റ മകന്റെ നില ഗുരുതരമല്ല.

ഒരു മാസം മുമ്പാണ് യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഇതേതുടര്‍ന്ന് പരാതിയുമായി ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ പൊലീസ് തയാറായില്ല. കുറ്റാരോപിതരിൽ നിന്നും പണം വാങ്ങി പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. ഈ മൂന്ന് പേര്‍ തന്നെ ആഗസ്റ്റ് 18ന് വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയതായും യുവതിയുടെ മരണമൊഴിയില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ മകനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

‘’സ്ത്രീയുടെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ഭർത്താവിന്റെ പരാതിയില്‍ ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒരാളുടെ പേരാണ് എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അയാളെ ഞങ്ങള്‍ അറസ്റ്റുചെയ്തിട്ടുണ്ട്. യുവതി നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികള്‍ സ്വീകരിച്ചുവരികയാണ്." ഷാജഹാൻപൂർ പൊലീസ് തലവൻ ശിവസമ്പി ചാനപ്പ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന സ്റ്റേഷന്റെ ചുമതലയുള്ള രണ്ട് സബ് ഇൻസ്പെക്ടർമാർക്കെതിരെയും കേസെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts