India
അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം ആവര്‍ത്തിച്ച് മഹാരാഷ്ട്ര പൊലീസ്
India

അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം ആവര്‍ത്തിച്ച് മഹാരാഷ്ട്ര പൊലീസ്

Web Desk
|
31 Aug 2018 10:51 AM GMT

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനടക്കം ഇവര്‍ പദ്ധതിയിടുന്നതായാണ് പൊലീസ് ആരോപിക്കുന്നത്. ഇവരുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്ന് എഡിജിപി പരം ബീര്‍ സിംങ്

അറസ്റ്റു ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് മഹാരാഷ്ട്ര പൊലീസ്. ജനുവരി ഒന്നിനുണ്ടായ ബീമ കൊറിഗോവ് സംഘര്‍ഷത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതിയൊരുക്കിയെന്നുമാണ് പൊലീസ് ആരോപണം. തെലുങ്ക് കവി പി വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ളാഖ എന്നിവരെയാണ് പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തത്.

നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മുംബൈ, റാഞ്ചി, ഹൈദരാബാദ്, ഡല്‍ഹി, ഫരീദാബാദ്, ഗോവ എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനക്കൊടുവിലായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. മനുഷ്യാവകാശപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പടെയുള്ളവര്‍ സമീപിച്ചിരുന്നു. അഭിപ്രായ ഭിന്നതകള്‍ ജനാധിപത്യത്തിന്റെ 'സുരക്ഷാ വാല്‍വ്' ആണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് മഹാരാഷ്ട്ര പൊലീസ്. മാവോയിസ്റ്റ് നേതാക്കളുമായി അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ നടത്തിയ കത്തിടപാടുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും മഹാരാഷ്ട്ര എഡിജിപി പരംഭീര്‍ സിങ് അവകാശപ്പെട്ടു.

നേരത്തെ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വില്‍സന്റെ വീട്ടില്‍ നിന്നും മാവോയിസ്റ്റ് നേതാവ് പ്രകാശ് എഴുതിയ കത്ത് കണ്ടെത്തി. ഇതിലാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് പറയുന്നത്. നേപ്പാളില്‍ നിന്നും ആയുധങ്ങള്‍ ശേഖരിക്കാന്‍ തെലുങ്ക് കവി വരവര റാവുവിനെ ചുമതലപ്പെടുത്തിയ കാര്യം ഈ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സുധ ഭരദ്വാജ് ധന സഹായം ആവശ്യപ്പെട്ട് ഈ മാവോയിസ്റ്റ് നേതാവിന് അയച്ച കത്ത് കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ ഫെരേറിയ പുതുതായി രണ്ട് വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്തതായും ഈ കത്തുകളില്‍ നിന്ന് മനസ്സിലായി... ഇങ്ങനെ പോകുന്നു എഡിജിപിയുടെ അവകാശവാദങ്ങള്‍.

നോട്ട് നിരോധന സമയത്ത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ആക്ടിവിസ്റ്റുകള്‍ ഫണ്ട് തരപ്പെടുത്തി നല്‍കിയതിനുള്ള തെളിവുകളും കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിക്കുന്നതിന്റെ രീതി വിവരിക്കുന്ന ലഘുലേഖ റെയ്ഡില്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

നഗരങ്ങളിലെ മാവോയിസ്റ്റുകളെന്നാണ് പൊലീസ് അധികൃതര്‍ അറസ്റ്റിലായവരെ വിശേഷിപ്പിച്ചത്. ഇവരുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്ന് എഡിജിപി പരം ബീര്‍ സിംങ് അവകാശപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനടക്കം ഇവര്‍ പദ്ധതിയിടുന്നതായാണ് പൊലീസ് ആരോപിക്കുന്നത്.

ഡല്‍ഹി ജെഎന്‍യുവിലേയും മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലേയും വിദ്യാര്‍ഥികളില്‍ പലരേയും അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ബ്രയിന്‍വാഷ് നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ വിദ്യാര്‍ഥികളേയും കൂട്ടുപിടിക്കുകയാണ്. പല വിദ്യാര്‍ഥികളും രഹസ്യമായി മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.

Similar Posts