രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
|ദീപക് മിശ്രക്കെതിരെ വാർത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. അനുമാനങ്ങൾക്കും ചർചകൾക്കുമൊടുവിൽ, സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് രഞ്ജൻ ഗൊഗോയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രഖ്യാപിച്ചത്. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് തന്റെ പിൻഗാമിയെ പ്രഖ്യാപിക്കാം. ഇതിനാലാണ് സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ദീപക് മിശ്ര ശിപാര്‍ശ ചെയ്തത്.
ഒക്ട്ടോബർ രണ്ടാം തിയതിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ ഏറ്റവും ശ്രദ്ധിയാകര്‍ഷിച്ചത് ജസ്റ്റിസ് ഗൊഗോയിയുടെ സാന്നിദ്ധ്യമായിരുന്നു. കൂട്ടത്തില്‍ ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ളത് ഗൊഗോയ് മാത്രമായിരുന്നു. സുപ്രധാനമായ നിരവധി വിധികള്‍ ജസ്റ്റിസ് ഗൊഗോയ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗമ്യക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ഗൊഗോയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു. വധശിക്ഷ റദ്ദാക്കിയതില്‍ പിഴവുണ്ടെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ കോടതിയില്‍ വിളിച്ചുവരുത്തി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചതും ചരിത്രമായി.
അസമില്‍ നിന്നുള്ള ജസ്റ്റിസ് ഗൊഗോയ് 2001ലാണ് ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായത്. 2012ലാണ് സുപ്രീംകോടതി ജഡ്ജിയായത്. 46–ാമത്തെ ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ഗൊഗോയ് അടുത്തവര്‍ഷം നവംബര്‍ 11ന് വിരമിക്കും. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.