നജീബിനെ കണ്ടെത്താനുള്ള അന്വേഷണം കാര്യക്ഷമമല്ല; സിബിഐ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധവുമായി മാതാവും സുഹൃത്തുക്കളും
|നജീബിന്റെ കാര്യത്തില്‍ എന്തിനാണ് സിബിഐ പക്ഷപാതിത്വം കാണിക്കുന്നതെന്ന് നജീബിന്റെ മാതാവ്
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം. നജീബിന്റെ മാതാവും ജെഎന്‍യു വിദ്യാര്‍ത്ഥികളും, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ് സംഘടനയിലെ അംഗങ്ങളുമാണ് സിബിഐ ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
അന്വേഷണത്തില്‍ സിബിഐ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നതാണ് നജീബിന്റെ മാതാവ് അടക്കമുള്ളവരുടെ ആരോപണം. കാണാതാകുന്നതിന് മുന്‍പ് നജീബിനെ മര്‍ദ്ദിച്ചവരെ ചോദ്യം ചെയ്തത് പോലും വേണ്ടത്ര രീതിയിലല്ലെന്നാണ് ആക്ഷേപം. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടെന്നും സിബിഐ ഡയറക്ടര്‍ നേരിട്ട് നിലപാട് അറിയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധം.
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ബാരിക്കേഡ് കെട്ടി തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നജീബിന്റെ കാര്യത്തില്‍ എന്തിനാണ് സിബിഐ പക്ഷപാതിത്വം കാണിക്കുന്നതെന്ന് നജീബിന്റെ മാതാവ് ചോദിച്ചു. ഹേബിയസ് കോര്‍പ്പിലെ വാദം കേട്ടശേഷം കൂടുതല്‍ പ്രതിഷേധ നടപടികള്‍ ആലോചിക്കുമെന്ന് നജീബിന്റെ മാതാവ് ഫാത്തീമ നഫീസ് അറിയിച്ചു.