സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാനാവില്ലെന്ന് കരസേനാ മേധാവി
|സൈനികര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുതെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അത് പ്രായോഗികമല്ലെന്നും ഉപയോഗത്തില്‍ അച്ചടക്കം ഉറപ്പ് വരുത്തുക മാത്രമാണ് സാധ്യമായ കാര്യമെന്നും ബിപിന്‍ റാവത്ത്
സൈനികര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതും വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സൈനികര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുതെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അത് പ്രായോഗികമല്ലെന്നും ഉപയോഗത്തില്‍ അച്ചടക്കം ഉറപ്പ് വരുത്തുക മാത്രമാണ് സാധ്യമായ കാര്യമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തങ്ങള്‍ നേരിടുന്ന പീഡനവും വിവേചനവും പല സൈനികരും ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാന്‍ നീക്കമുണ്ടായത്. എന്നാല്‍ വിലക്ക് പ്രായോഗികമല്ലെന്നാണ് സേനാ മേധാവി തന്നെ വ്യക്തമാക്കിയത്.
ആധുനികകാലത്തെ പോര്‍മുഖത്ത് മനശാസ്ത്രപരമായ യുദ്ധവും പ്രധാനമാണ്. അതിന് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അച്ചടക്കത്തോടെയുള്ള ഉപയോഗം ഉറപ്പ് വരുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കുമെന്നും റാവത്ത് വ്യക്തമാക്കി.