India
റാഫേലിന് ശേഷം 29,000 കോടിയുടെ കല്‍ക്കരി ഇറക്കുമതി അഴിമതി; അന്വേഷണം കേന്ദ്രം അട്ടിമറിക്കുന്നുവെന്ന്
India

റാഫേലിന് ശേഷം 29,000 കോടിയുടെ കല്‍ക്കരി ഇറക്കുമതി അഴിമതി; അന്വേഷണം കേന്ദ്രം അട്ടിമറിക്കുന്നുവെന്ന്

Web Desk
|
4 Sep 2018 4:35 AM GMT

ഇന്തോനേഷ്യയില്‍ നിന്ന് വൈദ്യുതി ഉല്‍പാദനത്തിനായി ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില പെരുപ്പിച്ച് കാണിച്ച് 29,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് ബി.ജെ.പി ആവര്‍ത്തിച്ച് വാദിക്കുന്നതിനിടെ പുതിയ അഴിമതി ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. വൈദ്യുതി ഉല്‍പാദനത്തിനുള്ള കല്‍ക്കരി ഇറക്കുമതിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ക്രമക്കേട് നടത്തിയ അദാനി, റിലയന്‍സ് ഉള്‍പ്പെടെയുള്ള 40 സ്വകാര്യ ഊര്‍ജ കമ്പനികള്‍ക്കെതിരെ എസ്.ഐ.ടി അന്വേഷണം നടത്തണമെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ആവശ്യപ്പെട്ടു.

ഇന്തോനേഷ്യയില്‍ നിന്ന് വൈദ്യുതി ഉല്‍പാദനത്തിനായി ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില പെരുപ്പിച്ച് കാണിച്ച് 29,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇത് റവന്യു ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് (ഡി.ആര്‍.ഐ) കണ്ടെത്തിയെങ്കിലും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പ്രിയ വ്യവസായികളായ ഗൌതം അംബാനിയും അനില്‍ അംബാനിയും എസ്സാറുമൊക്കെയുണ്ട്. ഇതില്‍ 70 ശതമാനം കല്‍ക്കരിയും ഇറക്കുമതി നടത്തിയത് അദാനി ഗ്രൂപ്പ് വഴിയാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഇതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് വക്താവ് തയാറായില്ല.

2014 ഒക്ടോബറിലാണ് ഡി.ആര്‍.ഐ അന്വേഷണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. സിംഗപ്പൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ മുഖേനയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ കൈമാറാന്‍ ബാങ്ക് തയാറായിട്ടില്ല. ഇതിനിടെ മൂന്നു തവണ സിംഗപ്പൂര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിശദാംശങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും ജയറാം രമേശ് വിമര്‍ശിച്ചു. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റോബര്‍ട്ട് വദ്രയുടെ കേസ് ബി.ജെ.പി വീണ്ടും കൊഴുപ്പിക്കാന്‍ ഒരുങ്ങവേയാണ് കോണ്‍ഗ്രസ് മറ്റൊരു അഴിമതിക്കഥ കൂടി പുറത്തുവിടുന്നത്.

Related Tags :
Similar Posts