തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഗവേഷക വിദ്യാര്‍ഥി ലോയിസ് സോഫിയയ്ക്ക് ജാമ്യം
|വിമാനയാത്രയ്ക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തിമിഴിസൈ സൌന്ദര്‍രാജന്റെ പരാതി പ്രകാരം ലോയിസിനെ അറസ്റ്റു ചെയ്തത്.
വിമാനത്താവളത്തില്‍, ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഗവേഷക വിദ്യാര്‍ഥി ലോയിസ് സോഫിയയ്ക്ക് ജാമ്യം. തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ തിമിഴിസൈ സൌന്ദര്‍രാജന്റെ പരാതി പ്രകാരം ലോയിസിനെ അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകിട്ട് തൂത്തുക്കുടിയില്‍ വച്ചാണ് പൊലിസ് ലോയിസ് സോഫിയയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, രാത്രിയോടെ ലോയിസിനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതിനു ശേഷമാണ് ലോയിസ് ഇതു ചെയ്തതെന്നും അത്തരത്തില്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ ആരോപിച്ചു.
തമിഴിസൈയ്ക്ക് ഒപ്പമാണ് യാത്രയെന്ന് ലോയിസ് ട്വീറ്റ് ചെയ്തിരുന്നു. വിമര്‍ശിച്ചാല്‍ തന്നെ വിമാനത്തില്‍ ഇറക്കിവിടുമോ എന്നും എഴുതി. ഇത് മനഃപ്പൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി തന്നെ ചെയ്തതാണ്. ഇവര്‍ ഒരു സാധാരണ സ്ത്രീ അല്ല. ഏതോ ഒരു സംഘടന ഇവര്‍ക്ക് പുറകിലുണ്ടെന്ന് ബിജെപി പ്രസിഡന്റ് തമിഴിസൈ സൌന്ദര്‍രാജന്‍ പ്രതികരിച്ചു
ഇന്നലെ ഉച്ചയോടെ, ചെന്നൈയില്‍ നിന്നു തൂത്തുക്കുടിയിലേയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൌന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറിനെയും ബിജെപിയെയും പ്രതികൂലിച്ചായിരുന്നു ലോയിസ് സംസാരിച്ചത്. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ച്, ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യവും മുഴക്കി. മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല. തുടര്‍ന്നാണ്, ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച്, ബിജെപി പരാതി നല്‍കിയത്. മകളെ അപമാനിച്ചുവെന്ന് കാണിച്ച്, ലോയിസിന്റെ പിതാവ് നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.