പെട്രോള്‍ വില ഉടന്‍ 100 രൂപയില്‍ എത്തും: ചന്ദ്രബാബു നായ്ഡു
|രാജ്യത്ത് എന്ത് സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും അത് എന്‍.ഡി.എ സര്‍ക്കാരിന്റെ കേമത്തം കൊണ്ടല്ല. രാജ്യത്തിന്റെ ശക്തികൊണ്ടാണ്.
കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു. രാജ്യത്ത് പെട്രോള്‍ വില 100 രൂപയില്‍ എത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ചന്ദ്രബാബു നായ്ഡു പറഞ്ഞു. അതുപോലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുത്തനെ ഇടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് എന്ത് സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും അത് എന്‍.ഡി.എ സര്‍ക്കാരിന്റെ കേമത്തം കൊണ്ടല്ല. രാജ്യത്തിന്റെ ശക്തികൊണ്ടാണ്. മറ്റേതെങ്കിലും സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചിരുന്നതെങ്കില്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ സാമ്പത്തിക വളര്ച്ചയുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം വലിയ പരാജയമായിരുന്നു. ഇപ്പോഴും ജനങ്ങള്‍ അതിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. സമ്പദ് രംഗം താറുമാറായി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി രാജ്യത്തിന്റെ സമ്പദ് ഘടന നോട്ട് നിരോധനത്തിന്റെ ഭാരം ചുമക്കുകയാണ്. യഥാര്‍ഥത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കീഴില്‍ സാമ്പത്തിക വളര്‍ച്ച നിലയ്ക്കുക മാത്രമല്ല, താഴേക്ക് പോകുക കൂടിയാണ് ചെയ്തതെന്നും ചന്ദ്രബാബു നായ്ഡു പറഞ്ഞു.
ഇനിയും മോദി സര്‍ക്കാര്‍ ഇത്തരം പരാജിത നയങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കില്‍ പെട്രോള്‍ വില 100 രൂപയില്‍ എത്താന്‍ അധികകാലം വേണ്ടി വരില്ല. രൂപയുടെ മൂല്യവും നൂറിലേക്ക് എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.