“ജനാധിപത്യ രാജ്യമായതിനാല്‍ ജീവനോടെ കത്തിക്കില്ല, നിങ്ങള്‍ക്കുള്ള ശിക്ഷ തെരഞ്ഞെടുപ്പില്‍ ജനം വിധിക്കും”; മോദിയോട് യശ്വന്ത് സിന്‍ഹ
|നോട്ട് നിരോധനം ലക്ഷ്യംകണ്ടില്ലെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ
നോട്ട് നിരോധനം ലക്ഷ്യംകണ്ടില്ലെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. 50 ദിവസം തരൂ, നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് തന്നെ ജീവനോടെ കത്തിക്കാമെന്ന മോദിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് യശ്വന്ത് സിന്‍ഹ ഇങ്ങനെ പറഞ്ഞു: "നിയമത്തിലും നീതിന്യായ വ്യവസ്ഥിതിയിലും വിശ്വസിക്കുന്ന ജനാധിപത്യ രാജ്യമാണിത്. അതുകൊണ്ട് നിങ്ങള്‍ പറഞ്ഞ വിധത്തില്‍ ജനങ്ങള്‍ വിചാരണ നടത്തി ശിക്ഷിക്കില്ല. പക്ഷേ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുള്ള ശിക്ഷ ജനം വിധിച്ചിരിക്കും".
അഴിമതിയും കള്ളപ്പണവും തീവ്രവാദവും തുടച്ചുനീക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനമെന്നാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച് 2016 നവംബര്‍ എട്ടിന് നരേന്ദ്ര മോദി പറഞ്ഞത്. നോട്ട് നിരോധനത്തിന്റെ ഉദ്ദേശലക്ഷ്യമെന്തെന്ന് മോദി ഓരോ തവണയും മാറ്റിപ്പറഞ്ഞു. നിരോധിച്ച 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. നികുതി കൃത്യമായി അടയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനായിരുന്നു നോട്ട് നിരോധനമെന്നാണ് ധനമന്ത്രി ഇപ്പോള്‍ പറയുന്നത്. എന്തൊരു പരിഹാസ്യമായ വിശദീകരണമാണിത്? അഴിമതിയെന്നും കള്ളപ്പണമെന്നും തീവ്രവാദമെന്നും പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കിയെന്നും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു.
നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ നഷ്ടം ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. 2000ത്തിന്റെ പുതിയ നോട്ടുകളുടെ അവസ്ഥ എന്താണെന്നും യശ്വന്ത് സിന്‍ഹ ചോദിക്കുന്നു. പുതിയ നോട്ടുകള്‍ എങ്ങോട്ടാണ് അപ്രത്യക്ഷമായത്? ആരുടെ കൈകളിലാണ് അവയുള്ളതെന്നും സിന്‍ഹ ചോദിക്കുന്നു.