‘സർവകലാശാലകളിലെ ആത്മഹത്യ തടയാം’; പാനൽ ചർച്ച നയിക്കാൻ അപ്പാറാവു, രോഹിത് വെമുലയുടെ മുഖമൂടി ധരിച്ച് വിദ്യാർത്ഥി പ്രതിഷേധം
|‘സർവകലാശാലകളിലെ ആത്മഹത്യ തടയാം’ എന്ന വിഷയത്തിലെ പാനൽ ചർച്ച നയിക്കാന്‍ രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഹൈദരാബാദ് സർവ്വകലാശാല വി.സി അപ്പാറാവു. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലാണ് വിദ്യാർത്ഥികളെ പരിഹസിക്കുന്ന പാനൽ ചർച്ചയുമായി സർവകലാശാല മുന്നോട്ട് വന്നത്. പാനൽ ചർച്ച നടത്തുന്നുവെന്ന നോട്ടീസ് പുറത്തു വന്നയുടനെ തന്നെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശേഷം ഇന്ന് ചർച്ച നടക്കുന്ന ഹാളിലാണ് വിദ്യാർത്ഥികൾ രോഹിത് വെമുലയുടെ മുഖമൂടി ധരിച്ച് പ്രതിഷേധ സമരത്തിന് ഇറങ്ങിയത്. രോഹിത് വെമുല പ്രവർത്തിച്ചിരുന്ന അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ രോഹിത് വെമുലയുടെ കൂടെ പുറത്താക്കപ്പെട്ട എ.എസ്.എ വിദ്യാർത്ഥി നേതാവ് ദൊന്ത പ്രശാന്ത് സംസാരിച്ചു.
പിന്നോക്ക വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുകയും ജാതീയമായി തന്നെ അവരെ ആക്രമിക്കുകയും ചെയ്യുന്ന സർവകലാശാല കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒൻപത് ദളിത് വിദ്യാർത്ഥികളെയാണ് ആത്മഹത്യയിലേക്ക് തള്ളിയിട്ടത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾ മുൻകൂട്ടി തന്നെ പ്രതീക്ഷിച്ച അപ്പാ റാവു പിന്നീട് ചർച്ച നടക്കുന്ന ഹാളിലേക്ക് വന്നില്ല. എ.എസ്.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.