ഒരു ദലിത് യോഗത്തെ മാവോയിസ്റ്റ് ഗൂഢാലോചനയാക്കി മാറ്റിയ വിധം
|ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമപ്പുറം പ്രക്ഷോഭത്തിന്റെ തുടക്കം മുതൽ നടന്ന സംഭവങ്ങളെ വിശദമായി അന്വേഷിച്ച് വരച്ചുകാട്ടാൻ ശ്രമിക്കുകയാണ് സ്ക്രോൾ.ഇൻ എന്ന വെബ്സൈറ്റിലെ നാല് മാധ്യമപ്രവർത്തകർ
തെറ്റായ നടപടികൾ, ദുർബലമായ തെളിവുകൾ: ഭീമാ - കൊറേഗാവ് കേസ് ഇതുവരെ
പത്തോളം മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിലേക്ക് നയിച്ച ഭീമാ കോരേഗാവ് കേസന്വേഷണത്തിനിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും ഇതു വരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും പ്രതികരണങ്ങളും എന്താണെന്നും അന്വേഷിക്കുന്ന ലേഖനം.
നരേന്ദ്ര മോദിയെ വധിക്കാനും സർക്കാരിനെ അട്ടിമറിക്കാനുമുള്ള മാവോവാദികളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയും അതിന്റെ ഭാഗമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്ന പൂനെ പോലീസിൻറെ വാദമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യൻ മാധ്യമ ലോകത്തെ ഉലച്ചുകൊണ്ടിരിക്കുന്ന വാർത്ത. പൂനെയിലെ ഒരു ഗ്രാമത്തിൽ ജനുവരി 1ന് പൊട്ടിപ്പുറപ്പെട്ട ജാതി സംഘർഷത്തെക്കുറിച്ചു അന്വേഷിക്കുന്നതിനിടയിലാണ് ഈ കണ്ടുപിടുത്തത്തിൽ എത്തിയതെന്നാണ് പോലീസിൻറെ വാദം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോവിസ്റ്റ്) എന്ന നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങൾ പാരീസിലും റഷ്യയിലും ചൈനയിലും പ്രവർത്തിച്ചു കൊണ്ട് മെനഞ്ഞെടുത്ത പദ്ധതിയായിട്ടാണ് ഇതിനെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇത് തെളിയിക്കുന്ന കത്തുകൾ ആറു നഗരങ്ങളിൽ നടന്ന റെയിഡുകളിൽ നിന്ന് തങ്ങൾ കണ്ടെടുത്തു എന്നും പോലീസ് അവകാശപ്പെടുന്നുണ്ട്. ജൂണിലും ആഗസ്റ്റിലുമായി പത്തു മനുഷ്യാവകാശ പ്രവർത്തകരാണ് ഇതു വരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
പൊതുപ്രവർത്തകരായി അഭിനയിക്കുന്ന “അര്ബണ് നക്സലുകളാ”യിട്ടാണ് പോലീസ് അവരെ കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത്. ആൾക്കൂട്ടക്കൊലപാതങ്ങളെ കുറിച്ച് ചിത്രപ്രദർശനം നടത്തി യുവാക്കളെയും യുവതികളെയും സർക്കാരിനെതിരെ തിരിച്ചു വിടാൻ ശ്രമിച്ചു എന്നതാണ് ഒരാൾ ചെയ്ത അപരാതം. അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു “ഫാഷിസ്റ്റ് വിരുദ്ധ ചേരി”യുടെ ഭാഗമാണ്. നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ ക്രമസമാധാനം തകർക്കുകയും ഇതിലൂടെ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുകയുമാണ് അവരുടെ ലക്ഷ്യം എന്നും പോലീസ് കോടതിയിൽ വാദിച്ചു.
അറസ്റ്റുകൾ വൻ പ്രതിഷേധത്തിന് വഴി വെക്കുകയും പ്രമുഖരായ പല പൌരന്മാരും ചേർന്ന് അതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമർത്താൻ വേണ്ടി പോലീസ് തങ്ങളുടെ അധികാരം ദുർവിനിയോഗിച്ചു എന്നവർ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമപ്പുറം ജനുവരിയിലെ പ്രക്ഷോഭം മുതൽ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ വിശദമായി അന്വേഷിച്ച് വരച്ചുകാട്ടാൻ ശ്രമിച്ചിരിക്കുകയാണ് സ്ക്രോൾ.ഇൻ എന്ന വെബ്സൈറ്റിലെ നാല് മാധ്യമപ്രവർത്തകർ. ഏകദേശം മുപ്പതോളം അഭിമുഖങ്ങളും നിരവധി പോലീസ്, കോടതി രേഖകളും മറ്റു വാർത്താരേഖകളും ചേർത്തു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ, അന്വേഷണത്തിൽ പോലീസ് വൻ വീഴ്ചകൾ വരുത്തിയതായി അവർ കണ്ടെത്തി.
അംബേദ്കർ അനുയായികളും ഇടതുപക്ഷ പ്രവർത്തകരും പൂനെയിൽ ചേർന്ന ഒരു യോഗത്തിലാണ് കാര്യങ്ങളുടെ തുടക്കം. അതിനു ശേഷം ജനുവരി 1ന് ഭീമ - കൊറേഗാവ് എന്ന ഗ്രാമത്തിൽ മുഖ്യമായും ദലിതുകൾ പങ്കെടുത്ത ഒരു അനുസ്മരണ ചടങ്ങ് നടക്കുകയും അതിനെ ഒരു ഭീഷണിയായി കണ്ട ഹിന്ദുത്വ വിഭാഗങ്ങൾ ചടങ്ങിൽ ആക്രമം അഴിച്ചുവിടുകയും ചെയ്തു. എന്നാൽ ചടങ്ങിൽ വെച്ച് സംസാരിച്ചവർ നടത്തിയ വിദ്വേഷകരമായ പ്രസംഗങ്ങളാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത് എന്ന് വാദിച്ചവരുമുണ്ടായിരുന്നു. ഇതിന്റെ ഫലമായി രണ്ട് കൂട്ടർക്കെതിരെയും പോലീസ് കേസെടുത്തു. ഇതിൽ രണ്ട് ഹിന്ദുത്വ നേതാക്കളും, മറുഭാഗത്ത് പരിപാടിയുടെ സംഘാടകരും അതിൽ പങ്കെടുത്തവരും പെടും. എന്നാല് കുറ്റാരോപിതരായ ഹിന്ദുത്വവാദികള്ക്കെതിരെ കാര്യമായൊരു നടപടിയും ഇതില് ഉണ്ടായില്ല. ഒരാളെ കുറച്ച് നേരത്തേക്ക് അറസ്റ്റ് ചെയ്ത് വിട്ടു; മറ്റേയാളെ ഇതു വരെ ചോദ്യം ചെയ്തതു പോലുമില്ല.
ദലിതുകളെ വഴിതെറ്റിക്കാൻ മാവോവാദികൾ നടത്തിയ പരിപാടിയാണിതെന്ന ആരോപണത്തിൽ മാത്രമായി പിന്നീട് പോലീസിൻറെ അന്വേഷണം ചുരുങ്ങി. ആറു നഗരങ്ങളിൽ മൂന്നു ഘട്ടങ്ങളായി നടന്ന മിന്നൽ പരിശോധനകളിൽ ആദിവാസി-ദലിത് വിഷയങ്ങൾക്കു വേണ്ടി പോരാടുന്ന 10 പൊതുപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. ചില സ്ഥലങ്ങളിൽ പരിശോധനയുടെ സമയത്ത് വാറണ്ട് കാണിച്ചില്ല; ചിലയിടങ്ങളിൽ മറാത്തി അറിയാത്ത പ്രതികൾക്ക് വാറണ്ടിൻറെ ഉള്ളടക്കം വിവർത്തനം ചെയ്തുകൊടുത്തില്ല. അവരുടെ അഭിഭാഷകർക്ക് വിവരം നൽകാതെയാണ് പലരെയും കോടതിയിൽ പോലും ഹാജരാക്കിയത്. അവരുടെ കൈയിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന കത്തുകൾ മാധ്യമങ്ങൾക്ക് വായിച്ചുകൊടുത്തിട്ടുണ്ടെങ്കിലും കോടതിയിൽ സമർപ്പിച്ചിട്ടില്ല.
ഇത്രയുമാണ് ഇതു വരെ നടന്ന സംഭവങ്ങൾ. ഇനി സംഭവങ്ങളുടെ തുടക്കത്തിലേക്ക് പോവാം:
1. ജനുവരിയിലെ പൊതുപരിപാടി
1818ൽ മഹാർ ദലിതുകളായ സൈനികർ ‘പെഷ്വാ ബാജിറാവോ രണ്ടാമനെ’ തോൽപിച്ച ചരിത്രസംഭവം അനുസ്മരിക്കാൻ ലക്ഷക്കണക്കിന് ദലിത് വിഭാഗക്കാർ പൂനെയിൽ നിന്ന് 30 കിലോമീറ്റർ അകലെ ഭീമാ കോരേഗാവ് എന്ന ഗ്രാമത്തിൽ എല്ലാ വർഷവും വന്നുചേരാറുണ്ട്. 200ാം വാർഷികം എന്ന നിലയിൽ ഈ വർഷം ചടങ്ങുകൾ പതിവിലും നേരെത്തെ ആരംഭിച്ചു. 2017 ഡിസംബറിൽ ‘നാഷികി’ൽ നിന്നും ‘യോള’യിൽ നിന്ന് നൂറുകണക്കിന് ദലിതുകൾ കാൽനടയായി ഭീമാ കോരേഗാവിലേക്ക് പോവുകയും ഡിസംബർ 31ന് പൂനെയിലെ ശനിവർവാദ കോട്ടയ്ക്ക് മുന്നിൽ അവരുടെ ഒരു സമ്മേളനം നടക്കുകയും ചെയ്തു. 35,000 പേർ പങ്കെടുത്തു എന്നു സംഘാടകർ പറയുന്ന ഈ “എൽഗാർ പരിഷദി”ൽ പ്രമുഖരായ രണ്ട് മുൻ ന്യായാധിപരും റിപബ്ലിക്കൻ പാന്തേർസ് എന്ന ദലിത് സംഘടനയിലെ അംഗങ്ങളും കബീർ കാലാ മഞ്ച് എന്ന സാംസ്കാരിക സംഘവും പങ്കെടുത്തു. ഗുജറാത്ത് എം.എൽ.എയായ ജിഗ്നേഷ് മേവാനി തെരുവു വിപ്ലവങ്ങളിലൂടെ ഇന്നത്തെ പുതിയ പെഷ്വകളെ തോൽപിക്കാൻ കേൾവിക്കാരോട് ആഹ്വാനം ചെയ്തു. ഭരണഘടനയോട് കൂറ് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു -പ്രതിജ്ഞയിലൂടെയാണ് അന്നത്തെ പരിപാടി അവസാനിച്ചത്.
എന്നാൽ പരിഷദ് ഒരു മാവോവിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ക്രമസമാധാനം തെറ്റിച്ച് സർക്കാരിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വാദിച്ചു കൊണ്ട് പൂനെ പോലീസ് പിന്നീട് അതിൻറെ സംഘാടകരെ അറസ്റ്റു ചെയ്തു. എന്നാൽ വർഗീയതക്കെതിരെയും ഗോസംരക്ഷണത്തിൻറെ പേരിൽ വർധിച്ചു വരുന്ന ആക്രമണങ്ങൾക്കെതിരെയുമാണ് അന്ന് പ്രഭാഷണങ്ങൾ അരങ്ങേറിയതെന്ന് പരിഷദിൻറെ സംഘാടകരായ ജസ്റ്റിസ് കോൽസെ പട്ടേലും ജസ്റ്റിസ് പി.ബി സാവന്തും സ്ക്രോൾ ലേഖകരോട് വ്യക്തമാക്കിയിട്ടുണ്ട്.
2. ആക്രമണം
എല്ലാ വർഷവും സമാധാനപരമായി നടക്കുന്ന ഭീമാ - കൊറേഗാവ് അനുസ്മരണ ചടങ്ങ് ഇത്തവണ ചെറിയ അസ്വാരസ്യങ്ങളോടെയാണ് ആരംഭിച്ചത്. മറാത്ത ഭരണാധികാരിയായിരുന്ന ‘സാംബാജി’യുടെ ക്രിയാകർമ്മങ്ങൾ മഹാറുകളാണോ മറാത്തകളാണോ ചെയ്തത് എന്നതിനെക്കുറിച്ച് ഒരു തർക്കം ഇത്തവണ ഉടലെടുത്തിരുന്നു. എല്ലാ കടകളും അടച്ചു കൊണ്ട് പരിപാടി ബഹിഷ്കരിക്കാൻ ഭീമാ - കൊറേഗാവ് പഞ്ചായത്ത് ആഹ്വാനം ചെയ്തിരുന്നു. ജനുവരി 1 രാവിലെ ദലിതുകളും മറാത്തകളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും മറാത്ത വിഭാഗക്കാരനായ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ലേഖകരിലൊരാളായ മൃദുല ചൌധരി അടുത്ത ദിവസം സ്ഥലം സന്ദർശിക്കുകയും ദലിത് വിഭാഗക്കാരൻറെ ഉടമസ്ഥതയിലുള്ള ഒരു ബിരിയാണി കട കത്തിയമരുന്നത് കാണുകയും ചെയ്തു. തങ്ങളാണ് അത് ചെയ്തതെന്ന് ഒരു കൂട്ടം മറാത്തകൾ സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
വൈകാതെ സംഘർഷം മറ്റു സ്ഥലങ്ങളിലേക്കും പടർന്നു. ജനുവരി 3ന് മുംബൈയിൽ നടന്ന സംഘർഷത്തിൽ കുട്ടികളടക്കം മുന്നൂറോളം ദലിത് വിഭാഗക്കാർ അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്നും അവരിൽ പലരും നിയമസഹായം തേടുകയാണ്. ഭീമാ - കൊറേഗാവ് കേസാണെന്ന് പറഞ്ഞാൽ അഭിഭാഷകർ ഒഴിഞ്ഞു പോകുന്നു എന്ന് ഇവരിൽ ചിലർ ആരോപിച്ചിട്ടുണ്ട്. ഭീമാ - കൊറേഗാവില് ഇരുപതും പശ്ചിമ മഹാരാഷ്ട്രയിൽ അഞ്ഞൂറോളം കേസുകളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
3. പരാതികൾ
സംബാജി ബിദെ, മിലിന്ദ് എക്ബോതെ എന്നീ രണ്ട് ഹിന്ദുത്വ നേതാക്കൾ സംഘർഷം നടന്ന ദിവസം കല്ലെറിയുന്നതും ആളുകളെ ആക്രമിക്കുന്നതും അംബേദ്കറനുകൂല കൊടികൾ കത്തിക്കുന്നതും താൻ കണ്ടു എന്ന അനിതാ സാവലെ എന്ന പൊതുപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി. 84കാരനായ ബിദെ, മുൻ ആർ.എസ്.എസ് പ്രവർത്തകനും അനേകം പിന്തുണക്കാരുള്ള ആത്മീയ നേതാവുമാണ്. “ഏറ്റവും ആദരണീയനായ ബിദെ ഗുരുജി” എന്ന് 2014ൽ പ്രധാനമാന്ത്രി വിശേഷിപ്പിച്ച വ്യക്തി. 2003ൽ സത്താറ ജില്ലയിൽ നടന്ന കലാപത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്തിയാണ് 65കാരനായ മിലിന്ദ് എക്ബോതെ. ഗോരക്ഷയുടെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയുമാണ് ഇപ്പോൾ ഇയാളുടെ ജോലിയെന്ന് പോലീസ് പറയുന്നുണ്ട്. രണ്ട് പേരും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
കേസിൻറെ അന്വേഷണം പൂർത്തിയാക്കുകയും ചാർജ്ഷീറ്റ് എഴുതാൻ തയ്യാറാവുകയും ചെയ്ത പോലീസ്, ഇതു വരെ ബിദെയെയെ ചോദ്യം ചെയതിട്ടു പോലുമില്ല. എക്ബേതെ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ബിദെക്കതിരെ തെളിവില്ലാത്തതിനാൽ എക്ബോതെക്കെതിരെ മാത്രമേ കേസ് എടുക്കൂ എന്ന് പൂനെ റൂറൽ എസ്പി ലേഖകരിൽ ഒരാളായ അഭിഷേക് ഡേയോട് പറയുന്നുണ്ട്.
മറുഭാഗത്ത് അക്ഷയ് ബിക്കഡ് എന്ന 23 വയസ്സുകാരനായ പൂനെ സർവകലാശാല വിദ്യാർത്ഥി, താൻ എ.ബി.വി.പി പ്രവർത്തകനായ തൻറെ സുഹൃത്തിൻറെ കൂടെ പരിഷദ് കാണാൻ പോയെന്നും അവിടെ വെച്ച് പല പ്രഭാഷകരും “രണ്ട് സമുദായങ്ങൾക്കിടയിൽ സപ്ദർധ” വളർത്തുന്ന തരത്തിലുള്ള പ്രഭാഷണങ്ങൾ നടത്തിയെന്നും പോലീസിൽ പരാതിപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് ജിഗ്നേഷ് മേവാനിക്കും ജെ.എൻ.യു വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദിനുമെതിരെ ജനുവരിയിൽ കേസെടുത്തു.
രണ്ടു പേരും ഇതു വരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും “അന്വേഷണം പുരോഗമിക്കുകയാണ്” എന്നാണ് പോലീസിൻറെ ഇതിവൃത്തം. തൻറെ പ്രഭാഷണത്തിൻറെ ഏതെങ്കിലും ഒരു ഭാഗം പ്രകോപനപരമാണെന്ന് ഏതെങ്കിലും ഭരണഘടനാ വിദഗ്ധർ പറഞ്ഞാൽ അതേ നിമിഷം പൊതുജീവിതത്തിൽ നിന്ന് വിരമിക്കുമെന്നായിരുന്നു കേസിനോട് മേവാനിയുടെ പ്രതികരണം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം ആരോപണങ്ങൾ ശ്രദ്ധിക്കുന്നതിന് പകരം ജനങ്ങൾ തൻറെ പ്രഭാഷണം നേരിട്ട് വായിക്കണമെന്നും മേവാനി പ്രതികരിച്ചിട്ടുണ്ട്.
ജനുവരി 4ന് രേഖപ്പെടുത്തപ്പെട്ട ഒരു പരാതിയിൽ വ്യവസായിയായ തുഷാർ ദംഗുഡെയും താൻ പ്രകോപനപരമായ പ്രസംഗങ്ങൾ കേൾക്കാനിടയായെന്നും സംസാരിച്ചവർക്ക് മാവോവാദി ബന്ധമുണ്ടെന്നും പറയുന്നുണ്ട്. മാവോവിസ്റ്റുകളുടെ അക്രമപാതയിലേക്ക് ദലിതുകളെ വഴി തെറ്റിക്കാനാണ് അവരുടെ ശ്രമം എന്നും അയാൾ ആരോപിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ‘റിപബ്ലിക്കൻ പാന്തേർസി’ലെയും ‘കബീർ കലാ മാർച്ചി’ലെയും ആറ് അംഗങ്ങൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി. ആഗസ്റ്റിൽ നടന്ന റെയ്ഡുകളും അറസ്റ്റുകളും ഇതിനെ പിന്തുടർന്ന് നടന്ന സംഭവങ്ങളാണ്.
4. രേഖകൾ
‘എൽഗാർ പരിഷദി’ൽ നടന്നുവെന്ന് പറയുന്ന ഗൂഢാലോനയുടെ ആദ്യ സൂചനകൾ യഥാർത്ഥത്തിൽ വന്നത് പോലീസിൽ നിന്നല്ല, ‘ഫോറം ഫോർ ഇൻറഗ്രേറ്റഡ് നാഷനൽ സെക്യൂരിറ്റി’ എന്ന അധികമൊന്നും അറിയപ്പെടാത്ത ഒരു സംഘടനയിൽ നിന്നാണ്. മുതിർന്ന ആർ.എസ്.എസ് പ്രവർത്തകനും ബി.ജെ.പിയുടെ ദേശീയ കമ്മിറ്റി അംഗവുമായ ശേഷാദ്രി ചാരി എന്ന വ്യക്തി സംഘടനയുടെ സെക്രട്ടറിയാണ്.
മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു രേഖയിൽ പരിഷദിൻറെ സംഘാടകർ ഭീമാ കൊറേഗാവ് ചരിത്രത്തെ ഒരു ജാതി ചൂഷണത്തിൻറെ ചരിത്രമായി തെറ്റായി കാണിച്ചുകൊണ്ട് ദലിതുകളെ ജാതി, നീതി, തുല്യത തുടങ്ങിയവക്കു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമാക്കാൻ ശ്രമിക്കുകയുമാണെന്ന് സംഘടന ആരോപിക്കുന്നു. ഭരണകൂടത്തിനെതിരെയുള്ള യുദ്ധത്തിലേക്ക് ആളുകളെ ചേർക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും രേഖയിൽ പറയുന്നു. റിപ്പോർട്ട് തയ്യാറാക്കിയ ക്യാപ്റ്റൻ സ്മിത ഗെയിക്വാദിനും ആർ.എസ്.എസുമായി ബന്ധമുണ്ട്.
4. റെയ്ഡുകൾ
ഏപ്രിൽ 17 രാവിലെ കൈയിൽ വാറണ്ട് ഇല്ലാതെയാണ് ‘കബീർ കലാ മഞ്ച്’ അംഗമായ സാഗർ ഗോർഖയുടെ പൂനെയിലെ വീട്ടിൽ പോലീസ് വരുന്നത്. ക്രിമിനൽ നടപടി കോഡിലെ ചില ഭാഗങ്ങൾ വാറണ്ടില്ലാതെ വീട് പരിശോധിക്കാൻ തങ്ങൾക്ക് അവകാശം നൽകുന്നുണ്ടെന്ന് പോലീസ് (തെറ്റായി) വാദിച്ചു.
‘വിപ്ലവകാരി’, ‘വിപ്ലവം’ മുതലായ വാക്കുകളുള്ള പുസ്തകങ്ങളിലും പരിഷദുമായി ബന്ധപ്പെട്ട പെൻ ഡ്രൈവുകൾ, മെമറി കാർഡുകൾ തുടങ്ങിയവയിലുമായിരുന്നു പോലീസിൻറെ ശ്രദ്ധ. ഇതേ പോലെ സൂധീർ ധാവലെ, ഹർഷാലി പോട്ദാർ, സുരേന്ദ്ര ഗാഡ്ലിങ്, റോണാ വിൽസൺ മുതലായവരുടെ വീടുകളിലും മിന്നൽ പരിശോധനകൾ നടന്നു. എന്നാൽ ആരും അറസ്റ്റ് ചെയ്യപ്പെട്ടില്ല.
അടുത്ത ദിവസം ഭീമാ കോരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടന്നതെന്ന വിശദീകരണവുമായി പൂനെ പോലീസ് കമ്മീഷണറായ രഷ്മി ശുക്ല മുന്നോട്ടു വന്നു. എന്നാൽ മാവോവിസ്റ്റ് സംഘങ്ങളെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ദേശീയ തലത്തിൽ നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമാണ് അറസ്റ്റുകൾ എന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻറെ വിശദീകരണം.
റെയ്ഡുകൾ നടന്നതിന് രണ്ടാഴ്ചകൾ മുൻപ് അംബേദ്കറുടെ പേരമകനായ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിൽ ധാവലെയും പോട്ദാറുമടങ്ങുന്ന ഒരു സംഘം ഭീമാ - കൊറേഗാവിലെ ആക്രമത്തിൽ ഹിന്ദുത്വ വിഭാഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടുമുട്ടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളുമടക്കം ഇതിലേക്ക് വിരൽ ചൂണ്ടുന്ന പല തെളിവുകളും അവർ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.
ഏപ്രിൽ 17ന് നടന്ന പരിശോധനകളിൽ പോലീസ് ഈ തെളിവുകൾ പിടിച്ചെടുത്തുവെന്നും എന്നാൽ തങ്ങളുടെ കൈയിൽ കോപ്പികളുണ്ടെന്നും കബീർ കലാ മഞ്ചിലെ ഗോർഖെ പറയുന്നുണ്ട്. കോപ്പികൾ സംഘർഷം അന്വേഷിക്കുന്ന സർക്കാർ നിയമിച്ച കമ്മിറ്റിക്ക് കൈമാറിയതായും അംഗങ്ങൾ പറയുന്നു. അപ്പോഴേക്കും ധാവലെയും ഗാഡ്ലിങ്ങും വിൽസണും വനാവകാശങ്ങൾക്കു വേണ്ടി പോരാടുന്ന മഹേഷ് റാവുത്തും നാഗ്പൂർ സർവകലാശാലയിൽ പ്രൊഫസറായ ഷോമാ സെന്നും അറസ്റ്റിലായിരുന്നു.
ഇക്കൂട്ടത്തിൽ ധാവലെയുടെ പേര് മാത്രമാണ് ഭീമാ കോരേഗാവ് കേസിൻറെ എഫ്.ഐ.ആറിൽ ഉൾപ്പെട്ടിട്ടുള്ളത്. റെയ്ഡുകൾ നടന്ന അതേ കാലയളവിൽ തന്നെ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനയുടെ കുറ്റം കൂടി പോലീസ് ചേർത്തതായി ഗാഡ്ലിങ്ങിൻറെ അഭിഭാഷയായ സൂസൻ അബ്രഹാം പറഞ്ഞിട്ടുണ്ട്. മെയ് മാസത്തിൽ യു.എ.പി.എ കൂടി ഇതിനൊപ്പം ചേർക്കപ്പെട്ടു. അതോടെ ആറു മാസം വരെ കോടതിയിൽ കേസ് രേഖപ്പെടുത്താതെ പ്രതികളെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് അധികാരം ലഭിച്ചു.
സെപ്തംബർ 1ന് കസ്റ്റഡി നീട്ടിക്കിട്ടണമെന്ന് പോലീസ് കോടതിയിൽ അഭ്യർത്ഥിച്ചു. മുൻകൂർ നോട്ടീസ് ഇല്ലാതെ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനാൽ അവരുടെ അഭിഭാഷകർക്ക് അവരുടെ വാദം തയ്യാറാക്കാനുള്ള സമയം ലഭിച്ചില്ല. ആളുകൾ കൂടിനിൽക്കുന്നത് കണ്ടിട്ടാണ് ഒരു അഭിഭാഷകന് തൻറെ കക്ഷി കോടതിയിൽ ഹാജരാക്കപ്പെട്ടതിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
6. കത്തുകൾ
എന്നാൽ ജൂൺ 8നാണ് എല്ലാവരെയും ഏറ്റവും കൂടുതൽ ഞെട്ടിച്ച ആരോപണം ഉന്നയിക്കപ്പെടുന്നത്.
“പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതി വെളിപ്പെടുത്തുന്ന കത്ത് പുറത്ത്” എന്ന തലക്കെട്ടോടെയാണ് റിപബ്ലിക് ടിവി വാർത്ത പുറത്തു വിട്ടത്. റോണാ വിൽസൺറെ ലാപ്ടോപിൽ നിന്ന് ലഭിച്ച രേഖകളുടെ കൂട്ടത്തിലാണ് കത്തും ഉൾപ്പെട്ടിട്ടുള്ളതെന്നതാണ് ചാനൽ വാർത്ത നൽകിയത്. ‘R’ എന്ന പേരിലുള്ള ഒരു വ്യക്തി ‘കോമ്രേഡ് പ്രകാശി’ന് എഴുതിയ കത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ച് നിരാശ രേഖപ്പെടുത്തുകയും മോദിക്ക് കീഴിലെ പുതിയ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടി(മാവോവിസ്റ്റ്)യുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് പറയുകയും ചെയ്തതായി ചാനൽ പറയുന്നുണ്ട്. “പരാജയമാകാൻ സാധ്യതയുണ്ടെങ്കിലും” രാജീവ് ഗാന്ധി വധം പോലെ മോദിയെയും വധിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്നായിരുന്നു കത്തിലെ മറ്റൊരു ഭാഗത്ത് പറഞ്ഞത്.
ഈ കത്ത് പിന്നീട് മാധ്യമങ്ങൾക്ക് ലഭിച്ചെങ്കിലും കോടതിയിൽ അത് ഹാജരാക്കപ്പെട്ടില്ല. പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്ന സമയത്ത് പബ്ലിക് പ്രോസിക്യൂട്ടർ അത് പിന്നീട് കോടതിയിൽ വായിച്ചു കേൾപ്പിക്കുക മാത്രമാണ് ചെയ്തത്.
കത്തിൻറെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. മാവോവിസ്റ്റുകളുടെ പതിവ് ആശയവിനിമയ രീതികൾ പരിചയമുള്ള ആരും കത്തിനെ തള്ളിപ്പറയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺഫ്ലിക്റ്റ് മാനേജ്മെൻറിലെ അജയ് സാഹ്നി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
റോണാ വിൽസൻറെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന മറ്റൊരു കത്തും റിപബ്ലിക് ടിവി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുധാ ഭരദ്വാജ് എഴുതി എന്ന് പറയപ്പെടുന്ന കത്തിൽ ‘കശ്മീർ രീതിയിലുള്ള’ ഒരു സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നാണ് ആരോപണം. തനിക്കെതിരെ തെറ്റായതും അപകീർത്തിപരമായതുമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ചാനലിനെതിരെ സുധാ ഭരദ്വാജ് ജൂലൈ 16ന് നോട്ടീസ് അയക്കുകയും ചെയ്തു. രണ്ടു കത്തുകളിലും നിരവധി മനുഷ്യാവക പ്രവർത്തകരുടെ പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
7. ഫാഷിസ്റ്റ് വിരുദ്ധ മുന്നണി
ആഗസ്റ്റ് 28 രാവിലെ ആറ് നഗരങ്ങളിൽ പൂനെ പോലീസിൻറെ റെയ്ഡുകൾ അരങ്ങേറി: ഡൽഹി, ഫരീദാബാദ്, റാഞ്ചി, ഹൈദരാബാദ്, മുംബൈ, ഗോവ.
അഞ്ചു പേർ അറസ്റ്റ് ചെയ്യപ്പെട്ടു. അതിൽ നാലു പേരുടെ പേരുകൾ ചോർന്ന കത്തുകളിൽ ഉണ്ടായിരുന്നു. വരവര റാവോ എന്ന ഹൈദരാബാദിൽ താമസിക്കുന്ന കവിയാണ് അഞ്ചാമത്തെ വ്യക്തി.
ഭീമാ - കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടക്കുന്നതെന്ന് പോലീസ് അറിയിച്ചെങ്കിലും വാറണ്ടുകൾ മറാത്തിയിലായിരുന്നു. ഇത് തർജ്ജിമ ചെയ്യാതെയാണ് ഭരദ്വാജ്, നവലാക്ക, റാവോ എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് ചെയ്ത് നീക്കാൻ സാധിക്കുന്നതിന് മുൻപ് തന്നെ ഭരദ്വാജും നവലക്കയും ഹൈകോടതികളിൽ ഹരജി സമർപ്പിക്കുകയും അവരെ വീട്ടുതടങ്കലിൽ വെക്കാൻ കോടതി ഉത്തരവ് വരികയും ചെയ്തു. റെയ്ഡ് നടക്കുമ്പോൾ വീട്ടിലുണ്ടായ സാക്ഷികളെ സംബന്ധിച്ചും നടപടിയിൽ പോലീസ് വീഴ്ച വരുത്തിയെന്ന ആരോപണങ്ങളും കോടതി ശ്രദ്ധിച്ചു. അന്നേ ദിവസം റാവോ, ഫെറേറ, ഗോൺസാൽവസ് എന്നിവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവരെ ‘ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയിലെ’ ഭാഗമെന്ന് വിളിച്ച പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വല പ്രകാശിൻറെ പ്രസ്താവന ഏറെ പരിഹാസം വിളിച്ചുവരുത്തി.
പബ്ലിക് പ്രോസിക്യൂട്ടർ മറ്റു പല അതിശയകരമായ പ്രസ്താവനകളും നടത്തിയെങ്കിലും ഇവയൊന്നും റിമാൻഡ് ഹരജിയിൽ ഉൾപ്പെടുത്തപ്പെട്ടില്ല.
വിഷയത്തിൽ പൂനെ കോടതിക്ക് വിധി പറയാൻ സാധിക്കുന്നതിന് മുൻപ് തന്നെ അഞ്ച് പ്രമുഖരായ പൊതുപ്രവർത്തകർ ചേർന്ന് സമർപ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ അഞ്ചു പേരെയും സെപ്തംബർ 6 വരെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. “എതിരഭിപ്രായം ജനാധിപത്യത്തിൻറെ സുരക്ഷാ വാൾവാണെ”ന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
8. പാരീസ് ബന്ധം
അറസ്റ്റിനു നേരെ ഉയർന്ന പ്രതിഷേധവും തെളിവുകളുടെ ദുർബലതയും കോടതി പരാമർശങ്ങളും എല്ലാമുണ്ടായിട്ടും അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു വിശാലമായ മാവോവാദി ഗൂഢാലോചനയിൽ പങ്കാളികളാണെന്ന വാദത്തിൽ മഹാരാഷ്ട്ര പോലീസ് ഉറച്ചു നിൽക്കുകയാണ്. റഷ്യയിൽ നിന്നും ചൈനയിൽ നിന്നും വാങ്ങിച്ച ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും അറസ്റ്റ് ചെയ്യപ്പെട്ടവർ ഈ ഗൂഢാലോചനയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി പരംബീർ സിങ് പത്രസമ്മേളനത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ഇവർ കണ്ടുമുട്ടിയതും പണം സ്വരൂപിക്കാൻ നോക്കിയതും പാരീസിൽ വെച്ചാണെന്ന് വാദിച്ച എ.ഡി.ജി.പി ഇത് ‘വ്യക്തമാക്കാൻ’ നിരവധി കത്തുകളിൽ നിന്ന് വായിച്ച് കേൾപ്പിക്കുകയും ചെയ്തു.
“നിരന്തരമായ പ്രക്ഷോഭങ്ങൾ ക്രമസമാധാനം തകർക്കുകയും, വരുന്ന മാസങ്ങളിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി വെക്കുകയും ചെയ്യും. ഇതിനു വേണ്ടി നമ്മുടെ അമേരിക്കയിലും ഫ്രാൻസിലുമുള്ള സുഹൃത്തുക്കളുമായി ദയവ് ചെയ്ത് ഒന്നിച്ചു പ്രവർത്തിക്കുക,” എന്നാണ് പ്രകാശ് ‘കോമ്രേഡ് ആനന്ദി’ന് എഴുതിയ ഒരു കത്തിലുണ്ടായിരുന്നത്.
അത്യാധുനിക ആയുധങ്ങൾ വാങ്ങാനുള്ള പണത്തിനുള്ള അഭ്യർത്ഥനാണ് മറ്റൊരു കത്തിലെ ഉള്ളടക്കം. എന്നാൽ ഈ കത്തുകൾ ഒന്നും കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടില്ല. പോലീസ് സമർപ്പിച്ച തെളിവുകളെ കുറിച്ച് ഇന്ത്യയിലെ പ്രമുഖ സുരക്ഷാ വിദഗ്ധനായ അജയ് സാഹ്നി പറഞ്ഞ വാക്കുകളോട് കൂടിയാണ് ലേഖനം അവസാനിക്കുന്നത്.
“ആരോപണങ്ങൾ തെളിയിക്കുക എന്നതല്ല ഇവരുടെ ഉദ്ദേശം. കേസ് നീണ്ട് പോയി വിചാരണ തന്നെ ശിക്ഷയാവുന്ന അവസ്ഥയാണ് അവർക്ക് വേണ്ടത്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ പതുക്കയെ നീങ്ങൂ. പ്രോസിക്യൂഷൻ സമർപിക്കുന്ന പല തെളിവുകളുടെയും വിഡ്ഢിത്തം കണ്ടില്ലെന്ന് നടിക്കാൻ കോടതി ഒരുക്കമാണ്. പ്രതികൾ ജയിലിൽ കിടന്ന നരകിക്കുകയോ ജാമ്യത്തിൽ പുറത്ത് വന്നാൽ തന്നെ വർഷങ്ങളോളം കോടതി നടപടികളുടെ തടവറയിൽ കുടുങ്ങിപ്പോവുകയോ ചെയ്യും. അത് തന്നെയാണ് ഇവരുടെ ഉദ്ദേശം.”
(കടപ്പാട്: സ്ക്രോളിന് വേണ്ടി ആരിഫ ജോഹരി, അഭിഷേക് ഡെ, മൃദുല ചാരി, ഷോണ് സതീഷ് എന്നിവര് ചെയ്തത്)
വിവര്ത്തനം: സയാന് ആസിഫ്