എസ്‌സി എസ്ടി അതിക്രമ നിരോധന നിയമത്തിനെതിരെ മുന്നോക്ക ജാതിക്കാരുടെ ഉത്തരേന്ത്യന്‍ ബന്ദ്
|മുന്നോക്ക ജാതി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ബാധിച്ചു. സമരാനുകൂലികള്‍ ട്രെയിനുകളും വാഹനങ്ങളും തടഞ്ഞു
എസ്‌സി എസ്ടി അതിക്രമ നിരോധ നിയമത്തിനെതിരെ ആഹ്വാനം ചെയ്ത ബന്ദ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തം. മുന്നോക്ക ജാതി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ബാധിച്ചു. സമരാനുകൂലികള്‍ ട്രെയിനുകളും വാഹനങ്ങളും തടഞ്ഞു. സംഘര്‍ഷങ്ങള്‍ ഭയന്ന് മധ്യപ്രദേശിലെ നിരവധി ജില്ലകളില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
എസ്‌സി എസ്ടി അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രിം കോടതി ഉത്തരവ് മറികടക്കാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഭേദഗതിക്കെതിരെ മധ്യപ്രദേശിലാണ് പ്രക്ഷോഭം ആരംഭിച്ചത്. മേല്‍ജാതി സംഘടനകളും ചില ഒബിസി സംഘടനകളുമായിരുന്നു പ്രക്ഷോഭത്തിന് പിന്നില്‍. ഈ സംഘടനകള്‍ ഇന്ന് ഭാരത് ബന്ദിന് അഹ്വാനം ചെയ്തു.
ഇതോടെ പ്രക്ഷോഭം മുഴുവന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മധ്യപ്രദേശിന് പുറമെ, ബീഹാര്‍, യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ ബാധിച്ചു. സംഘര്‍ഷം ഭയന്ന് മധ്യപ്രദേശിലെ 34 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബീഹാറില്‍ പലയിടത്തും സമരക്കാര്‍ ട്രെയിനുകള്‍ തടയുകയും, റോഡുകള്‍ക്ക് തീയിട്ട് വാഹന ഗതാഗതം നിര്‍ത്തലാക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാല്‍ നഗരത്തിലും ഉത്തര്‍പ്രദേശിലെ ലക്‌നൗ, വരാണസി തുടങ്ങിയ നഗരങ്ങളിലും, രാജസ്ഥാനിലെ ആല്‍വാര്‍, അജ്മീര്‍ എന്നിവടങ്ങളിലും കടകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. മഹാരാഷ്ട്രയില്‍ ബന്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു.
ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ വിഷയം അധികാരത്തിലുള്ള ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുന്നത് ആശങ്കയോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.