തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രി
|കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും എട്ട് മാസം ബാക്കിനില്‍ക്കെയാണ് സര്‍ക്കാറിന്റെ നടപടി
തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ടി.ആര്‍.എസ് നിയമസഭ പിരിച്ചുവിട്ടത്. മന്ത്രിസഭ തീരുമാനത്തെ അംഗീകരിച്ച ഗവര്‍ണര്‍ നിലവിലെ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവിനെ കാവല്‍ മുഖ്യമന്ത്രിയായി നിയോഗിച്ചു.
കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് നിയമസഭ പിരിച്ചുവിടാന്‍ ടി.ആര്‍.എസ് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയനേട്ടം കൊയ്യാനാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കുകയാണെങ്കില്‍ ദേശീയവിഷയങ്ങള്‍ കൂടി ചര്‍ച്ചാവിഷയമാകും. ആ സാഹചര്യത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനാവില്ലെന്നാണ് ടിആര്‍എസിന്റെ വിലയിരുത്തല്‍. മന്ത്രിസഭ തീരുമാനം അംഗീകരിച്ച ഗവര്‍ണര്‍ കെ ചന്ദ്രശേഖര റാവുവിനെ കാവല്‍ മുഖ്യമന്ത്രിയായി നിയോഗിച്ചു.
നവംബറിലോ ഡിസംബറിലോ രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും തെരഞ്ഞടുപ്പ് നടത്തണമെന്നാണ് ടിആര്‍എസിന്റെ നിര്‍ദേശം. നിലവിലെ സഭയില്‍ 82 അംഗങ്ങളാണ് ടിആര്‍എസിനുള്ളത്. എന്നാല്‍ ബിജെപിയുമായുണ്ടാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് സഭ പിരിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടര്‍പട്ടിക പുതുക്കല്‍ അടക്കമുള്ളവ പൂര്‍ത്തിയാക്കുന്നതുവരെ തെരഞ്ഞെടുപ്പ് നടത്തരുതെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.