സ്വവർഗ ലൈംഗിക നിരോധന നിയമത്തെ ചോദ്യം ചെയ്ത അഞ്ച് പ്രമുഖർ
|ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിധിയിലൂടെ സ്വവർഗ ലൈംഗികതയെ നിയമ വിധേയമാക്കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച്. വ്യാഴാഴ്ചയാണ് സെക്ഷൻ 377 നെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞത്. 2013 ൽ, സ്വവർഗ ലൈംഗികതയെ നിയമവിധേയമാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്റിനെ അധികാരമുള്ളൂ എന്ന് പറഞ്ഞായിരുന്നു അന്ന് ആ വിധിന്യായത്തെ റദ്ദ് ചെയ്തത്. 2016 ൽ, അഞ്ച് പ്രമുഖ വ്യക്തികൾ ഈ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു.
ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിധിയിലൂടെ സ്വവർഗ ലൈംഗികതയെ നിയമ വിധേയമാക്കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച്. വ്യാഴാഴ്ചയാണ് സെക്ഷൻ 377 നെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞത്
1 . പ്രമുഖ ക്ലാസിക്കൽ നർത്തകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ നവതേജ് സിങ് ജോഹർ ആണ് സെക്ഷൻ 377 നെതിരെ സുപ്രീം കോടതിയെ സമീപിച്ച പ്രമുഖരിൽ ഒരാൾ. 25 വയസ്സ് പ്രായമുള്ള തന്റെ പങ്കാളിയുടെ കൂടെ സുപ്രീം കോടതിയെ സമീപിച്ച നവതേജ് സിങ് ജോഹർ സെക്ഷൻ 377 ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന് വാദിച്ചു. അശോക യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് ഫാക്കൽറ്റി കൂടിയാണ് ജോഹർ.
2 . മാധ്യമ പ്രവർത്തകനും മാക്സിം മാഗസിന്റെ ഇന്ത്യൻ പതിപ്പിന്റെ മുൻ എഡിറ്ററുമായ അറുപത്തിമൂന്നുകാരൻ സുനിൽ മെഹ്‌റയാണ് മറ്റൊരു പ്രമുഖ വ്യക്തിത്വം. പതിമൂന്നാം നൂറ്റാണ്ടിലെ കഥപറച്ചിൽ കലാരൂപമായ ദാസ്താൻഗോയിയുടെ വക്താവും അഭിനേതാവും കൂടിയാണ് സുനിൽ മെഹ്‌റ. ദൂരദർശനിൽ സെന്റർസ്റ്റേജ് എന്ന പരിപാടിയുടെ എഴുത്തും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിട്ടുമുണ്ട് അദ്ദേഹം. ഇരുപതു വർഷത്തോളമായി തന്റെ പങ്കാളിയായി കൂടെയുള്ള നവ്‌ജേത് സിങ് ജോഹറിനൊപ്പം അഭിയാസ് എന്ന പേരിൽ ഒരു സ്റ്റുഡിയോയും നടത്തുന്നുണ്ട് അദ്ദേഹം.
3 . പ്രമുഖ ഷെഫും ദിവ ഹോട്ടൽ ശ്രിംഖലകളുടെ ഉടമസ്ഥനുമായ റിതു ഡാൽമിയ ആണ് മറ്റൊരാൾ. ധാരാളം പുസ്തകങ്ങൾ രചിക്കുകയും നിരവധി ടെലിവിഷൻ ചാനലുകളിൽ ഫുഡ് ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് അവർ. കൊൽക്കത്തയിൽ ഒരു മാർവാഡി കുടുംബത്തിൽ ജനിച്ച റിതു കൗമാര പ്രായത്തിൽ തന്നെ കുടുംബത്തിന്റെ വ്യവസായ സംരംഭത്തിന്റെ ഭാഗമായി. ഇറ്റാലിയൻ രുചിക്കൂട്ടുകളിൽ വിദഗ്ദയാണ് റിതു ഡാൽമിയ. ട്രാവെല്ലിങ് ദിവ: റെസിപ്പീസ് ഫ്രം എറൗണ്ട് ദ വേൾഡ് എന്ന പുസ്തകമാണ് അവരുടെ മികച്ച രചനകളിലൊന്ന്.
4 . നീംരാണ ഹോട്ടൽ ശ്രിംഖലകളുടെ ഉടമസ്ഥൻ, അറുപത്തി ഒന്നുകാരനായ അമൻ നാഥ് ആണ് മറ്റൊരു പ്രമുഖ വ്യക്തിത്വം. ചരിത്രത്തിലും ശില്പകലയിലും അതിയായ താല്പര്യമുള്ള അമൻ നാഥ് രണ്ടു വിഷയത്തിലും ധാരാളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കവിയും എഴുത്തുകാരനും കൂടിയായ അദ്ദേഹം കല, ചരിത്രം, ശിൽപ്പകല എന്നീ വിഷയങ്ങളിൽ സഹ-ഗ്രന്ഥരചനയും നടത്തിയിട്ടുണ്ട്.
5 . നടിയും വ്യവസായിയുമായ അയേഷ് കപൂർ ആണ് സെക്ഷൻ 377 ന്റെ നിയമ സാധുതയെ ചോദ്യം ചെയ്ത അഞ്ചാമത്തെ പ്രമുഖ വ്യക്തിത്വം. ബ്ലാക്ക് സിനിമയിൽ റാണി മുഖർജിയുടെ ചെറുപ്പകാലം അവതരിപ്പിച്ച വേഷത്തിലൂടെയാണ് 23 കാരിയായ അയേഷ് ശ്രദ്ധ നേടിയത്. വെറും ഒമ്പത് വയസ്സുണ്ടായിരിക്കെ മൂകയും ബധിരയുമായ ഒരു കുട്ടിയുടെ വേഷത്തിൽ അഭിനയിച്ചു പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട് അവർ. ആ വേഷത്തിന് മികച്ച സപ്പോർട്ടിങ് ആര്ടിസ്റ്റിനുള്ള അവാർഡും അവർക്ക് ലഭിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ലിബറൽ ആർട്സ് വിദ്യാർത്ഥിയാണ് അയേഷ് കപൂർ.